കുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച ദൗത്യ സംഘത്തിലെ കരിമ്പ ഷമീർ അന്തരിച്ചു

ഉത്തരാഖണ്ഡിലെ ഖനിയപകടത്തിലെ രക്ഷാപ്രവർത്തനത്തിലും സാന്നിധ്യമായിരുന്നു
കുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച ദൗത്യ സംഘത്തിലെ കരിമ്പ ഷമീർ അന്തരിച്ചു

പാലക്കാട്: സാഹസിക പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ കരിമ്പ ഷമീർ അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വണ്ടി ഓടിച്ചാണ് ഷമീര്‍ ആശുപത്രിയില്‍ എത്തിയത്. കുമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന്റെ ദൗത്യസംഘത്തിൽ അംഗമായിരുന്നു. ഉത്തരാഖണ്ഡിലെ ഖനിയപകടത്തിലെ രക്ഷാപ്രവർത്തനത്തിലും സാന്നിധ്യമായിരുന്നു.

ചെങ്കുത്തായ ഇടങ്ങളിലേക്കും ഉയരങ്ങളിലേക്കും ഭയമില്ലാതെ എത്തുന്ന ആളായിരുന്നു കരിമ്പ ഷമീര്‍. സാഹസികതയുള്ള എന്ത് സഹായം ആവശ്യപ്പെട്ടാലും ഷമീര്‍ മടികൂടാതെ എത്തും. നിരവധി പേരുടെ ജീവന്‍ ഇദ്ദേഹം രക്ഷിച്ചിട്ടുണ്ട്.

സാധാരണക്കാരനായ ഒരു കൂലിപ്പണിക്കാരനായിരുന്നു മണ്ണാർക്കാട് കരിമ്പ സ്വദേശി ഷമീറെങ്കിലും അസാധാരണ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. വെള്ളത്തിലും കരയിലും ഉയരങ്ങളിലുമെല്ലാം സന്നദ്ധ സേവനത്തിനിറങ്ങാൻ ഷമീറിന് മടിയുണ്ടായിരുന്നില്ല. ഏത് ഉയരമുള്ള മരവും അദ്ദേഹത്തിന് മുന്നിൽ കീഴടങ്ങിയിരുന്നു. ആഴമുള്ള വെള്ളക്കെട്ടുകളും ചെങ്കുത്തായ മലകളുമെല്ലാം പല തവണ കീഴടിങ്ങിയിട്ടുണ്ട്. പാലക്കാട് കുമ്പാച്ചിമലയിൽ കുടുങ്ങിയ ബാബുവിനെ അതിസാഹസികമായി സൈന്യം രക്ഷിച്ചപ്പോൾ ആ ദൗത്യസംഘത്തില്‍ ഷമീർ അംഗമായി. ഉത്തരാഖണ്ഡിലെ തുരങ്ക ദുരന്തത്തിലെ രക്ഷാപ്രവർത്തനം പല നാളുകൾ നീണ്ട് പോയപ്പോഴും അവിടെയും മലയാളി സാന്നിധ്യമായി ഷമീർ എത്തി. മലയാളക്കരയെ പ്രളയം പിടിച്ചു കുലുക്കിയപ്പോഴല്ലാം രാപ്പകലില്ലാതെ രക്ഷാപ്രവർത്തനത്തിലായിരുന്നു ഷമീർ.

ഏത് വാഹനാപകടമുണ്ടായാലും മറ്റ് ദുരന്തങ്ങളുണ്ടായാലും ഒരു നാട് മുഴുവൻ ആദ്യം വിളിക്കുന്നത് ഷമീറിനെയാണ്. തന്റെ ജീപ്പിനെ ആംബുലൻസ് ആക്കിയും ക്രയിൻ ആക്കിയുമെല്ലാം ഷമീർ ഓടിയെത്തുമെന്ന് അവർക്കുറപ്പായിരുന്നു. വലിയ കെട്ടിടങ്ങളിലേക്കും ആഴമുള്ള കിണറുകളിലേക്കും ലളിതമായി ഇറങ്ങുന്നതിനും കയറുന്നതിനും ഷമീർ വികസിപ്പിച്ചെടുത്ത കരിമ്പ കൊളുത്ത് രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. ഷമീറിന്റെ ഓരോ സാഹസിക പ്രവർത്തിയും അനേകം മനുഷ്യരുടെ കണ്ണീരോപ്പി. ഒടുവിൽ തികച്ചും അപ്രതീക്ഷിതമായി എല്ലാവരെയും കണ്ണീരിലാഴ്ത്തിയാണ് ഷമീറിന്റെ ഈ വിടവാങ്ങൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com