ഡിഎച്ച്എസിന് കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകളില്ല; മെഡിക്കല്‍ കോളേജുകള്‍ക്ക് മേല്‍ അമിതഭാരം

കൂടുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകള്‍ സൃഷ്ടിച്ചാല്‍ മാത്രമേ തിരക്കൊഴിവാക്കാനാകൂ എന്നാണ് വിദഗ്ദരുടെ അഭിപ്രായം
ഡിഎച്ച്എസിന് കീഴില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകളില്ല; മെഡിക്കല്‍ കോളേജുകള്‍ക്ക് മേല്‍ അമിതഭാരം

കോഴിക്കോട്: ആരോഗ്യ വകുപ്പ് ഡിഎച്ച്‌സിന് കീഴിലുള്ള സംസ്ഥാനത്തെ 6000ലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ തസ്തികകളില്‍ വെറും 20 സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകള്‍ മാത്രമേയുള്ളൂവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? എങ്കില്‍ അതാണ് യാഥാര്‍ത്ഥ്യം. ജില്ല, ജനറല്‍ ആശുപത്രികളില്‍ ചികിത്സിക്കേണ്ട രോഗികളെ പോലും മെഡിക്കല്‍ കോളജുകളിലേക്ക് അയക്കേണ്ടി വരുന്നത് ഇതുകൊണ്ട് മാത്രമാണ്. ഡിഎച്ച്എസിന് കീഴില്‍ കൂടുതല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകള്‍ സൃഷ്ടിച്ചാല്‍ മാത്രമേ തിരക്കൊഴിവാക്കാനാകൂ എന്നാണ് വിദഗ്ദരുടെ അഭിപ്രായം.

മെഡിക്കല്‍ കോളേജുകളെ ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കണമെങ്കില്‍ ആദ്യം ജില്ല, ജനറല്‍ ആശുപത്രികളെ ശക്തിപ്പെടുത്തുക മാത്രമേ വഴിയുള്ളൂ എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദരുടെ അഭിപ്രായം. ന്യൂറോളജി, കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, നെഫ്രോളജി, യൂറോളജി തുടങ്ങിയ വിഭാഗങ്ങളില്‍ വിരലിലെണ്ണാവുന്ന സൂപ്പര്‍ സെഷ്യാലിറ്റി തസ്തികകള്‍ മാത്രമേ സംസ്ഥാനത്തെ ആരോഗ്യ വകുപ്പിന് കീഴിലുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. കൃത്യമായി പറഞ്ഞാല്‍ 6000ലധികം ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്ളതില്‍ 20 സൂപ്പര്‍ സെഷ്യാലിറ്റി തസ്തികകള്‍ മാത്രം.

പിന്നെ എങ്ങനെയാണ് രോഗികളെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യാതെ ചികില്‍സിക്കാനാവുക എന്നതാണ് ഉയരുന്ന ചോദ്യം. മലബാറില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തിക പോലും നിലവിലില്ല. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് 40 രോഗികളെയാണ് ഒരു ദിവസം ഒരു ഡോക്ടര്‍ പരിശോധിക്കേണ്ടത്. ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡര്‍ ഇല്ലാതെ വരുമ്പോള്‍ അത്തരം ചികില്‍സ ആവശ്യമുള്ള രോഗികളെ കൂടി മെഡിക്കല്‍ കോളജുകളിലേക്കയക്കേണ്ടി വരുന്നു. ഇത് മെഡിക്കല്‍ കോളജുകള്‍ക്ക് ഉണ്ടാക്കുന്ന ഭാരം ചെറുതല്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com