രാജ്യസഭയിലേക്കില്ല, നിലവിലുള്ള ചുമതലകളില്‍ വ്യാപൃതനാണ്: പി കെ കുഞ്ഞാലിക്കുട്ടി

രാജ്യസഭയിലേക്കില്ല, നിലവിലുള്ള ചുമതലകളില്‍ വ്യാപൃതനാണ്: പി കെ കുഞ്ഞാലിക്കുട്ടി

യുഡിഎഫില്‍ ഇതുസംബന്ധിച്ച് തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു

കോഴിക്കോട്: രാജ്യസഭയിലേക്കില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സമയമാകുമ്പോള്‍ ലീഗില്‍ നിന്ന് ആരാണ് രാജ്യസഭയിലേക്കെന്നത് സംബന്ധിച്ച് സാദിഖലി തങ്ങള്‍ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫില്‍ ഇതുസംബന്ധിച്ച് തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

'വ്യക്തമായി പറയാം ഞാന്‍ രാജ്യസഭയിലേക്കില്ല. ഇപ്പോള്‍ ആവശ്യത്തിന് പണി ഇവിടെയുണ്ട്. നിലവിലുള്ള ചുമതലകളില്‍ വ്യാപൃതനാണ്. ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതിനുള്ള സാഹചര്യം ഇപ്പോഴില്ല. യുഡിഎഫ് തലത്തില്‍ കാര്യങ്ങള്‍ തീരുമാനമായതാണ്. രാജ്യസഭയില്‍ ആരാണെന്ന് സമയമാകുമ്പോള്‍ തങ്ങള്‍ പ്രഖ്യാപിക്കും', കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

യുഡിഎഫില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ പി കെ കുഞ്ഞാലിക്കുട്ടി എത്തണമെന്ന് ലീഗില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്കെത്തുമെന്ന അഭ്യൂഹങ്ങളും സജീവമായി. ഈ റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് അദ്ദേഹം രംഗത്തെത്തിയത്.

മുസ്ലിം ലീഗിന് നേതൃത്വം നല്‍കാന്‍ പാണക്കാട് കുടുംബത്തിന് മാത്രമേ സാധീക്കൂ എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ സ്‌നേഹ സംഗമം പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പ്രതികരണം. പാണക്കാട് കുടുംബമെന്ന നേതൃത്വത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ശിഥിലീകരണം ആഗ്രഹിക്കുന്നവരാണ് ഐക്യത്തിന് തുരങ്കം വെക്കുന്നത്. ഐക്യം നിലനിര്‍ത്താന്‍ പാണക്കാട് കുടുംബമെന്ന നേതൃത്വത്തിന് കോട്ടം വരാന്‍ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

logo
Reporter Live
www.reporterlive.com