മെമ്മറി കാര്‍ഡ് കേസ്; ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് ആഭ്യന്തര വകുപ്പിന് ഡിജിപിയുടെ കത്ത്

മെമ്മറി കാര്‍ഡ് കേസ്; ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് ആഭ്യന്തര വകുപ്പിന് ഡിജിപിയുടെ കത്ത്

'കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലര്‍ നല്‍കി'

തിരുവനന്തപുരം: മെമ്മറി കാര്‍ഡ് കേസിലെ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് കത്ത് നല്‍കി. ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ചട്ടങ്ങള്‍ രൂപീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. മെമ്മറി കാര്‍ഡ് കേസിലെ ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് കത്ത് നല്‍കിയത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ പരിശോധിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഈ വിഷയത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ പരിശോധിച്ച സംഭവം പുറത്ത് കൊണ്ടുവന്നത് റിപ്പോർട്ടർ ടിവിയാണ്.

മെമ്മറി കാര്‍ഡ് കേസിലെ കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എഡിജിപി മുതല്‍ താഴേക്ക് ഉള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കുലര്‍ നല്‍കിയിരുന്നുവെന്നും ഡിജിപിയുടെ കത്തില്‍ സൂചിപ്പിച്ചു. ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ക്കും സര്‍ക്കുലര്‍ നല്‍കി. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുമ്പോള്‍ സര്‍ക്കുലര്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയെന്നും ഡിജിപി വ്യക്തമാക്കി. ഇക്കാര്യം സംസ്ഥാന പൊലിസ് മേധാവി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ജില്ലാ കോടതികളുടെ ചുമതലയുള്ള രജിസ്ട്രാറും റിപ്പോര്‍ട്ട് നല്‍കിയെന്നും ഡിജിപി കത്തില്‍ സൂചിപ്പിച്ചു.

ലൈംഗിക കുറ്റകൃത്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ ആര്‍ക്കും നല്‍കരുതെന്ന കോടതിയുടെ ശക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ട്. പ്രതികള്‍ക്കും ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിന് വിലക്കുണ്ട്. ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് കോടതി ഉത്തരവ് പ്രകാരം മാത്രമേ ആകാവൂ. വിദഗ്ധരുടെ സാന്നിധ്യത്തില്‍ മാത്രമാകും ദൃശ്യങ്ങളുടെ പരിശോധന. ദൃശ്യ പരിശോധനയുടെ നടപടിക്രമങ്ങളും പരിശോധനാ സമയവും തീയതിയും പരിശോധിച്ച വ്യക്തികള്‍ ആരൊക്കെയെന്നും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. അവശ്യ ഘട്ടത്തില്‍ മാത്രമാണ് ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയ്ക്ക് അനുമതി ഉണ്ടാവുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം തെളിവുകള്‍ നശിപ്പിക്കാം. നശിപ്പിച്ചതിന്റെ റിപ്പോര്‍ട്ട് ബന്ധപ്പെട്ട അതോറിറ്റി കോടതിക്ക് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

മെമ്മറി കാര്‍ഡ് കേസ്; ചട്ടങ്ങള്‍ രൂപീകരിക്കണമെന്ന് ആഭ്യന്തര വകുപ്പിന് ഡിജിപിയുടെ കത്ത്
റഫയിലെ അഭയാര്‍ഥി ക്യാംപിന് നേരെ ഇസ്രയേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന അന്വേഷണ റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരുന്നു. ജഡ്ജ് ഹണി എം വർഗീസ് ആണ് മെമ്മറി കാർഡ് സംബന്ധിച്ച അന്വേഷണം നടത്തിയത്. അവർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. 2018 ജനുവരി 9ന് മെമ്മറി കാർഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റ് ആണെന്ന് റിപ്പോർട്ട് പറയുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ് മെമ്മറി കാർഡ് പരിശോധിച്ചത് രാത്രി 9.58നാണ്. 2018 ഡിസംബർ 13ന് മെമ്മറി കാർഡ് പരിശോധിച്ചത് ജില്ലാ പ്രിൻസിപ്പാൾ സെഷൻസ് കോടതി ബെഞ്ച് ക്ലാർക്ക് ആണ്. ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചത് നിയമ വിരുദ്ധമായാണ്. രാത്രി 10.58നാണ് മഹേഷ് മോഹൻ മെമ്മറി കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാര്‍ താജുദ്ദീന്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോർട്ടിലുണ്ട്.

logo
Reporter Live
www.reporterlive.com