ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്ക് പുരസ്‌കാരം; സമസ്തയിലെ അഭിപ്രായ ഭിന്നതകളുമായി ബന്ധമില്ല; കെപിഎ മജീദ്

സുപ്രഭാതം പത്രത്തിന് നയം മാറ്റമുണ്ടെന്ന് റിപ്പോർട്ടറിനോട് പ്രതികരിച്ചതിനെ തുടർന്ന് സമസ്ത കാരണം കാണിക്കൽ നോട്ടീസ് നൽകിയ ബഹാഉദ്ദീന്‍ നദ്‌വിക്ക്‌ ലീഗ് നേതാവിന്റെ പേരിലുള്ള പുരസ്‌കാരം നൽകുന്നത് നേരത്തെ വിവാദമായിരുന്നു.
ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്ക് പുരസ്‌കാരം;
സമസ്തയിലെ അഭിപ്രായ ഭിന്നതകളുമായി ബന്ധമില്ല; കെപിഎ മജീദ്

മലപ്പുറം: മർഹൂം കൊളത്തൂർ മൗലവിയുടെ പേരിലുള്ള എൻഡോവ്‌മെൻ്റ് ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം അനാവശ്യമെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. സമസ്തയിലെ അഭിപ്രായ ഭിന്നതകളും പുരസ്‌കാരം നൽകുന്നതും തമ്മിൽ ബന്ധമില്ലെന്നും കെപിഎ മജീദ് ചൂണ്ടിക്കാണിച്ചു. മാർച്ചിൽ നൽകേണ്ട പുരസ്‌കാരം നീണ്ട് പോയത് റമദാനും തെരഞ്ഞെടുപ്പുമൊക്കെ വന്നതിനാലെന്നും കെപിഎ മജീദ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു കെപിഎ മജീദിൻ്റെ വിശദീകരണം.

വിദ്യാഭ്യാസ വിചക്ഷണനും മുസ്‌ലിംലീഗ് നേതാവുമായിരുന്ന കൊളത്തൂർ മൗലവി മരണപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ സ്മരണാർത്ഥം രൂപീകരിച്ച കൊളത്തൂർ മൗലവി എഡ്യുക്കേഷണൽ ട്രസ്റ്റാണ് എല്ലാ വർഷവും വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്തുവരുന്നവർക്ക് എന്റോവ്‌മെന്റ് നൽകുന്നതെന്നും കെപിഎ മജീദ് ചൂണ്ടിക്കാണിച്ചു. ആദ്യ വർഷം വയനാട് മുട്ടിൽ യത്തീംഖാന സ്ഥാപകൻ മുഹമ്മദ് ജമാൽ സാഹിബിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പുരസ്‌ക്കാരം നൽകിയത്. രണ്ടാമത് കാപ്പാട് ഐനുൽ ഹുദ യത്തീംഖാന സ്ഥാപകൻ പികെകെ ബാവയ്ക്കും മൂന്നാമത്തെ അവാർഡ് മുണ്ടംപറമ്പ് യത്തീംഖാന സ്ഥാപകൻ എംസി മുഹമ്മദ് ഹാജിക്കുമായിരുന്നു എന്നും കെപിഎ മജീദ് ഓർമ്മിപ്പിച്ചു. ജീവിതത്തിൽ ഒരു വിവാദത്തിനും ഇടംകൊടുക്കാത്ത, എല്ലാ ജനവിഭാഗങ്ങളോടും സഹിഷ്ണുതയോടെ പെരുമാറിയിരുന്ന മർഹൂം കൊളത്തൂർ മൗലവിയുടെ പേരിലുള്ള എൻഡോവ്‌മെന്റിന്റുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകൾ അദ്ദേഹത്തോട് ചെയ്യുന്ന അനാദരവാണെന്നും കെപിഎ മജീദ് കുറ്റപ്പെടുത്തി.

സുപ്രഭാതം പത്രത്തിന് നയം മാറ്റമുണ്ടെന്ന് റിപ്പോർട്ടറിനോട് പ്രതികരിച്ചതിനെ തുടർന്ന് സമസ്ത കാരണം കാണിക്കൽ നോട്ടീസ് നൽകിയ ബഹാഉദ്ദീന്‍ നദ്‌വിക്ക്‌ ലീഗ് നേതാവിന്റെ പേരിലുള്ള പുരസ്‌കാരം നൽകുന്നത് നേരത്തെ വിവാദമായിരുന്നു. പുരസ്കാര ചടങ്ങ് ജൂൺ 3ന് ചടങ്ങ് വിപുലമായി നടത്താൻ ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. സാദിക്കലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ ഉൾപ്പടെയുള്ള ഉന്നത നേതാക്കൾ പങ്കെടുക്കുന്ന പരിപാടി സമസ്തയിലെ ലീഗ് വിരുദ്ധർക്കുള്ള മറുപടിയായി മാറുമെന്നും വിലയിരുത്തലുണ്ടായിരുന്നു. സമസ്ത നേതൃത്വത്തിലെ അഭിപ്രായഭിന്നതയ്ക്ക് പിന്നാലെ ചേരുന്ന മുശാവറയ്ക്ക് മുൻപായി നദ്‌വിക്കുള്ള പിന്തുണ പരസ്യമാക്കലാണ് ലീഗ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വിലയിരുത്തപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കെപിഎ മജീദിൻ്റെ വിശദീകരണക്കുറിപ്പെന്നതും ശ്രദ്ധേയമാണ്.

കെപിഎ മജീദിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം

ദാറുൽ ഹുദ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിക്ക് കൊളത്തൂർ മുഹമ്മദ് മൗലവി എൻഡോവ്‌മെന്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ചില കോണുകളിൽനിന്ന് ഉയരുന്ന വിവാദം അനാവശ്യമാണ്. വിദ്യാഭ്യാസ വിചക്ഷണനും മുസ്‌ലിംലീഗ് നേതാവുമായിരുന്ന കൊളത്തൂർ മൗലവി മരണപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ സ്മരണാർത്ഥം രൂപീകരിച്ച കൊളത്തൂർ മൗലവി എഡ്യുക്കേഷണൽ ട്രസ്റ്റാണ് എല്ലാ വർഷവും വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്തുവരുന്നവർക്ക് എന്റോവ്‌മെന്റ് നൽകുന്നത്. ആദ്യ വർഷം വയനാട് മുട്ടിൽ യത്തീംഖാന സ്ഥാപകൻ മുഹമ്മദ് ജമാൽ സാഹിബിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് പുരസ്‌ക്കാരം നൽകിയത്. രണ്ടാമത് കാപ്പാട് ഐനുൽ ഹുദ യത്തീംഖാന സ്ഥാപകൻ പി.കെ.കെ ബാവ സാഹിബിനും മൂന്നാമത്തെ അവാർഡ് മുണ്ടംപറമ്പ് യത്തീംഖാന സ്ഥാപകൻ എം.സി മുഹമ്മദ് ഹാജിക്കുമായിരുന്നു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഇവ വിതരണം ചെയ്തത്. ഈ വർഷം മാർച്ചിൽ നൽകേണ്ടിയിരുന്ന എൻഡോവ്‌മെന്റ്, റമദാനും തെരഞ്ഞെടുപ്പുമൊക്കെ വന്നതിനാൽ ജൂണിലേക്ക് നീണ്ടുപോവുകയായിരുന്നു. സമസ്തയിലെ അഭിപ്രായ ഭിന്നതകളുമായി ഇതിന് ബന്ധമില്ല. ജീവിതത്തിൽ ഒരു വിവാദത്തിനും ഇടംകൊടുക്കാത്ത, എല്ലാ ജനവിഭാഗങ്ങളോടും സഹിഷ്ണുതയോടെ പെരുമാറിയിരുന്ന മർഹൂം കൊളത്തൂർ മൗലവിയുടെ പേരിലുള്ള എൻഡോവ്‌മെന്റിന്റുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകൾ അദ്ദേഹത്തോട് ചെയ്യുന്ന അനാദരവാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com