മോശം കാലാവസ്ഥ: ദോഹ-കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

ഇന്നലെ രാത്രി കരിപ്പൂരില്‍ എത്തേണ്ട വിമാനമാണിത്
മോശം കാലാവസ്ഥ: ദോഹ-കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു

കൊച്ചി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ദോഹ- കരിപ്പൂര്‍ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്നലെ ദോഹയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരാണ് ദുരിതത്തിലായത്. ഇന്നലെ രാത്രി കരിപ്പൂരില്‍ എത്തേണ്ട വിമാനമാണിത്.

ഐഎക്‌സ് 376 എയര്‍ ഇന്ത്യ വിമാനം ഇന്നലെ ദോഹയില്‍ നിന്ന് പുറപ്പെട്ടതാണെങ്കിലും കരിപ്പൂരില്‍ ഇറക്കാനായിരുന്നില്ല. തുടര്‍ന്ന് രാത്രി മംഗലാപുരത്ത് ആദ്യം ഇറക്കി. ഇന്ന് രാവിലെ കരിപ്പൂരില്‍ ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ട പല വിമാനങ്ങളും വൈകുകയാണ്. കരിപ്പൂരില്‍ നിന്നും മസ്‌കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.

ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലായെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടിയിരുന്നതായിരുന്നു മസ്‌കറ്റിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം. നൂറിലധികം യാത്രക്കാരാണ് പ്രതിഷേധിക്കുന്നത്.

വിമാനം നാല് മണിക്കൂര്‍ വൈകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെന്നും പിന്നീട് അത് നീണ്ടുപോവുകയായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു. പ്രതികൂല കാലാവസ്ഥയാണ് യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നതെന്നാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com