'സ്ത്രീ വിരുദ്ധ പരാമർശം നാക്കുപിഴ', കെ കെ ശൈലജയോടും മഞ്ജുവാര്യരോടും മാപ്പ് പറഞ്ഞ് കെ എസ് ഹരിഹരൻ

സംഭവിച്ചത് രാഷ്ട്രീയ പിഴവാണ്, ഖേദം പ്രകടിപ്പിക്കാൻ തനിക്ക് യാതൊരു മടിയുമില്ലെന്ന് കെ എസ് ഹരിഹരൻ
'സ്ത്രീ വിരുദ്ധ പരാമർശം നാക്കുപിഴ', കെ കെ ശൈലജയോടും മഞ്ജുവാര്യരോടും മാപ്പ് പറഞ്ഞ് കെ എസ് ഹരിഹരൻ

കോഴിക്കോട്: കെ കെ ശൈലജയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പുപറഞ്ഞ് ആർഎംപി നേതാവ് കെ എസ് ഹരിഹരൻ. തനിക്ക് സംഭവിച്ചത് രാഷ്ട്രീയ പിഴവാണ്. അനവസരത്തിലുള്ള തെറ്റായ പ്രയോഗമാണ്. ബോധപൂർവ്വം ഉദ്ദേശിച്ചതല്ലെന്നും പൂർണമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാപ്പ് പറയുന്നുവെന്നും കെ എസ് ഹരിഹരൻ റിപ്പോർട്ടർ ടിവിയുടെ ഡിബേറ്റ് വിത്ത് അരുൺ കുമാറിൽ പ്രതികരിച്ചു. ഖേദം പ്രകടിപ്പിക്കാൻ തനിക്ക് യാതൊരു മടിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വടകരയിൽ സിപിഐഎം വർഗീയതക്കെതിരെ യുഡിഎഫ് - ആർഎംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമർശം. 'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും'; എന്നായിരുന്നു ഹരിഹരന്റെ പരാമർശം.

പ്രസംഗം എഴുതി തയ്യാറാക്കിയതായിരുന്നില്ല. പ്രസംഗത്തിനിടെ കയറിവന്ന തെറ്റായ പരാമർശമാണ്. നാക്കുപിഴ പ്രസംഗത്തിൽ പലർക്കും സംഭവിച്ചിട്ടുണ്ട്. എന്നാൽ തെറ്റ് മനസ്സിലാക്കി തിരുത്തുന്ന ആദ്യത്തെ ആൾ താനായിരിക്കും. താൻ പ്രസംഗം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ ഖേദം പ്രകടിപ്പിച്ചു. പിശകാണെന്ന് പിന്നീട് മനസ്സിലായപ്പോഴാണ് ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചത്.

ടീച്ചർക്കെതിരെ നടത്തിയത് അനവസരത്തിലുള്ള തെറ്റായ പ്രയോഗമാണ്. അതുകൊണ്ടുതന്നെയാണ് തള്ളിക്കളഞ്ഞത്. തെറ്റായ രാഷ്ട്രീയം അതിലുണ്ട്. പുരുഷാധിപത്യപരമായ നിലപാടാണ് അതെന്ന് താൻ തിരിച്ചറിയുന്നു. എത്ര തിരുത്തി മുന്നോട്ട് പോയാലും അബോധത്തിൽ ചിലത് കിടപ്പുണ്ടാകുമല്ലോ, ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മനസ്സിലാക്കുന്നു. ഭാവിയിൽ ഇത്തരം സ്ത്രീ വിരുദ്ധ, പുരുഷാധിപത്യ നിലപാടുകൾ മാറ്റി വച്ച് മുന്നോട്ട് പോകും. പൂർണമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഖേദപ്രകടനം നടത്തിയിരിക്കുന്നതെന്നും കെ എസ് ഹരിഹരൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com