തിരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് പ്രതിഫലമില്ല, കാര്യം വ്യക്തമാക്കാതെ പൊലീസ്

മുൻ വർഷങ്ങളിൽ തിരഞ്ഞെടുപ്പ് കഴിയുന്ന ദിവസം തന്നെ നേരിട്ട് കൊടുക്കുന്ന പ്രതിഫലമാണ് രണ്ടാഴ്ചയായിട്ടും കൊടുക്കാത്തത്
തിരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് പ്രതിഫലമില്ല, കാര്യം വ്യക്തമാക്കാതെ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിളിച്ച സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ പ്രതിഫലം കൊടുക്കാതെ കബളിപ്പിക്കുന്നു. സ്റ്റുഡൻസ് പൊലീസ് കേഡറ്റ്, എൻസിസി, വിരമിച്ച സേനാംഗങ്ങൾ തുടങ്ങി 25000 പേർക്കാണ് 2600 രൂപ വെച്ച് കൊടുക്കാനുള്ളത്. മുൻ വർഷങ്ങളിൽ തിരഞ്ഞെടുപ്പ് കഴിയുന്ന ദിവസം തന്നെ നേരിട്ട് കൊടുക്കുന്ന പ്രതിഫലമാണ് രണ്ടാഴ്ചയായിട്ടും കൊടുക്കാത്തത്. ഇക്കഴിഞ്ഞ ഏപ്രിൽ 16-ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവാണിത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പൊലീസ് ക്ഷാമം പരിഹരിക്കാനാണ് 25000 സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ നിയമിക്കാൻ ഉത്തരവായത്.

1300 രൂപ വീതം രണ്ട് ദിവസത്തേക്ക് 2600 രൂപയാണ് പ്രതിഫലം. ഇങ്ങനെ 25000 പേർക്ക് ആറരക്കോടി രൂപയാണ് നിശ്ചയിച്ചത്. എൻസിസി, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ്, വിമുക്ത ഭടൻമാർ, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരെയാണ് സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയമിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കൈമാറുന്ന പണം പൊലീസ് ഹെഡ് ക്വാട്ടേഴ്സിൽ നിന്ന് അതാത് ജില്ലാ പൊലീസ് മേധാവികൾക്കാണ് കിട്ടുക. ജില്ലാ, സിറ്റി, റൂറൽ പൊലീസ് മേധാവികൾ അത് ഡിവൈഎസ്പിമാർക്ക് കൈമാറിയാണ് പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തുന്നതും പിന്നാലെ കൈമാറുന്നതും. ഇത്രയും കാലത്തിനിടയിൽ ഇതുവരെ ഇത് കൊടുക്കാൻ വൈകിയിട്ടുമില്ല.

എന്നാലിത്തവണ കാര്യങ്ങൾ അവതാളത്തിലായി. എന്തുകൊണ്ടാണ് പണം കിട്ടാത്തതെന്നോ എന്താണ് സാങ്കേതിക തടസ്സമെന്നോ പൊലീസോ തിരഞ്ഞെടുപ്പ് ഓഫീസറോ വിശദീകരിക്കുന്നുമില്ല. ഭൂരിപക്ഷം പേരും വിദ്യാർത്ഥികളായതിനാൽ വളരെ പ്രതീക്ഷയോടെ ചെയ്ത ജോലിയാണിത്. ഈ പ്രതിഫലം കിട്ടിയാൽ അവർക്ക് ഒരുപാട് സഹായമാവുകയും ചെയ്യും. പക്ഷേ എന്തുകൊണ്ടാണ് ഇത് വൈകുന്നതെന്ന മറുപടി പൊലീസ് എവിടെയും പറയുന്നുമില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com