തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതിയിൽ; ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എം സ്വരാജ്

കെ ബാബുവിൻ്റെ വിജയം ശരിവെച്ച ഹൈക്കോടതി സ്വരാജിന്റെ ഹർജി തള്ളുകയായിരുന്നു
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതിയിൽ; ഹൈക്കോടതി വിധി ചോദ്യം ചെയ്ത് എം സ്വരാജ്

ഡൽഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് സുപ്രീംകോടതിയിൽ. യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന ഹർജി തള്ളിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സ്വരാജ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കെ ബാബുവിൻ്റെ വിജയം ശരിവെച്ച ഹൈക്കോടതി സ്വരാജിന്റെ ഹർജി തള്ളുകയായിരുന്നു.

ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയായിരുന്നു വിധി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് സ്വരാജ് ഹൈക്കോടതിയിൽ വാദിച്ചത്. എന്നാൽ ബാബുവിനെതിരായ ആക്ഷേപം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് കോടതി ഹ‍ർജി തള്ളിയത്.

992 വോട്ടുകള്‍ക്കാണ് 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബു വിജയിച്ചതും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് തോറ്റതും. ശബരിമല സ്ത്രീ പ്രവേശന വിഷയം യുഡിഎഫ് പ്രചാരണ ആയുധമാക്കിയ തിര‍ഞ്ഞെടുപ്പ് കാലം കൂടിയായിരുന്നു 2021.

വിധി കോടതി കയറിയെങ്കിലും സ്വരാജിന് തിരിച്ചടിയായിരുന്നു ഫലം. തിരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനൊപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചുവെന്നാണ് സ്വരാജ് ഉയ‍‌ർത്തുന്ന ആരോപണം. വോട്ടർമാർക്ക് മതചിഹ്നമുള്ള സ്ലിപ്പ് നൽകി എന്നതിന് തെളിവില്ലെന്നായിരുന്നു കോടതി നിരീക്ഷണം. സാക്ഷിമൊഴികൾ മാത്രമായി പരിഗണിക്കാൻ കഴിയില്ലെന്നും സാക്ഷിമൊഴിയെ സാധൂകരിക്കുന്ന തെളിവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com