പിണറായിയുടെ കുടുംബത്തോട് ഒരു വ്യക്തി വിരോധവുമില്ല, ആത്മവിശ്വസം കുറഞ്ഞിട്ടില്ല; മാത്യൂ കുഴല്‍നാടന്‍

പൊതുസമൂഹത്തിന് വേണ്ടിയാണ് താന്‍ പോരാട്ടത്തിനിറങ്ങിയത്. അഴിമതിക്കെതിരെ ആയിരുന്നു തന്റെ പോരാട്ടം.
പിണറായിയുടെ  കുടുംബത്തോട് ഒരു വ്യക്തി വിരോധവുമില്ല, ആത്മവിശ്വസം കുറഞ്ഞിട്ടില്ല; മാത്യൂ കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജി തള്ളിയതില്‍ പ്രതികരണവുമായി എംഎല്‍എ മാത്യൂ കുഴല്‍നാടന്‍. കോടതി വിധി നിരാശജനകമാണെന്നും താന്‍ നടത്തിയ പോരാട്ടത്തിലുണ്ടായ തിരിച്ചടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു. അപ്രതീക്ഷിത വിധിയാണുണ്ടായത്. കോടതിയോട് ബഹുമാനമേയുള്ളൂ. വിനയപൂര്‍വം കോടതിയുടെ കണ്ടെത്തലുകളോട് വിയോജിക്കുന്നു. താന്‍ സമര്‍പ്പിച്ചത് വ്യാജ രേഖകള്‍ ആണെങ്കില്‍ തനിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാവുന്നതേ ഉള്ളൂ. താന്‍ സമര്‍പ്പിച്ച രേഖകള്‍ കോടതിക്ക് വിളിച്ചു വരുത്താവുന്നതേ ഉള്ളൂ. പിണറായി വിജയന്റെ കുടുംബത്തോട് തനിക്ക് ഒരു വ്യക്തി വിരോധവുമില്ല. ആ നിലയിലല്ല താന്‍ കേസ് കൊടുത്തതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

പൊതുസമൂഹത്തിന് വേണ്ടിയാണ് താന്‍ പോരാട്ടത്തിനിറങ്ങിയത്. അഴിമതിക്കെതിരെ ആയിരുന്നു തന്റെ പോരാട്ടം. അഴിമതിക്കെതിരെ നിയമ നടപടിക്ക് ഇറങ്ങി എന്നതാണ് താന്‍ ചെയ്ത തെറ്റ്. നിയമ നടപടിക്ക് ഇറങ്ങി എന്നതിന്റെ പേരില്‍ തനിക്കെതിരെ നിരവധി കേസുകള്‍ ഉണ്ട്. പക്ഷെ ആത്മവിശ്വാസം കുറഞ്ഞിട്ടില്ല. നിയമ പോരാട്ടം തുടരും. കേസില്‍ അപ്പീല്‍ പോകും. തെളിവുകള്‍ ധാരാളം തന്റെ പക്കലുണ്ട്. 28 ഓളം രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അഴിമതി ഉണ്ടോ എന്ന് അന്വേഷിക്കാന്‍ ആയിരുന്നു തന്റെ ആവശ്യം. മുഖ്യമന്ത്രിയെ ശിക്ഷിക്കണമെന്ന് ആയിരുന്നില്ല താന്‍ ആവശ്യപ്പെട്ടത്. വീണാ വിജയന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന ഒരു നടപടിയും തന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും അവരുടെ ഇടപാടുകളില്‍ തെറ്റ് കണ്ടാല്‍ ചോദ്യം ചെയ്യുന്നതിന് സ്ത്രീ എന്നത് ഒരു തടസമല്ലെന്നും മാത്യൂ പറഞ്ഞു.

വീണാ വിജയന്‍ നികുതി അടച്ച രേഖ പുറത്തു വന്നാല്‍ മാപ്പ് പറയുക തന്നെ ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇനിയും ആ രേഖ പുറത്തു വന്നിട്ടില്ല. നികുതി അടച്ചാല്‍ തന്നെ അഴിമതി നടന്നിട്ടില്ല എന്ന് പറയാന്‍ ആവില്ല. താന്‍ പൊതു ശല്യം ആണെന്ന് ഇ പി ജയരാജനും പിണറായി വിജയനും തോന്നുണ്ടാകും. ജനങ്ങള്‍ക്ക് അങ്ങനെ ഒരു തോന്നല്‍ ഇല്ലെന്നും മാത്യൂ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com