100 പഞ്ചായത്തുകളില്‍ ഭരണം പിടിക്കണമെന്ന ലക്ഷ്യത്തോടെ ബിജെപി നേതൃത്വം; നേതൃയോഗത്തില്‍ ചര്‍ച്ചയാവും

കോര്‍പ്പറേഷനുകളും നഗരസഭകളും പിടിച്ചെടുക്കാനുള്ള ഉത്തരവാദിത്തം ഇന്നത്തെ യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കും.
100 പഞ്ചായത്തുകളില്‍ ഭരണം പിടിക്കണമെന്ന ലക്ഷ്യത്തോടെ ബിജെപി നേതൃത്വം; നേതൃയോഗത്തില്‍ ചര്‍ച്ചയാവും

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഫലത്തിന് കാത്തുനില്‍ക്കാതെ തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ തീരുമാനിച്ച് സംസ്ഥാനത്തെ ബിജെപി നേതൃത്വം. ഇന്നത്തെ ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ ഇക്കാര്യം കാര്യമായി തന്നെ ചര്‍ച്ച ചെയ്യും.

ഇതിനായി പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചു. വയനാട് ജില്ലയിലാണ് ആദ്യ കണ്‍വെന്‍ഷന്‍. 100 പഞ്ചായത്ത്, തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷനുകള്‍, 20 നഗരസഭകള്‍ എന്നിവയാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിട്ടത്. കോര്‍പ്പറേഷനുകളും നഗരസഭകളും പിടിച്ചെടുക്കാനുള്ള ഉത്തരവാദിത്തം ഇന്നത്തെ യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് നല്‍കും.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ രണ്ട് നഗരസഭകളിലാണ് ബിജെപി അധികാരത്തിലെത്തിയത്. പാലക്കാട്, പന്തളം നഗരസഭകളിലായിരുന്നു അത്. 22 പഞ്ചായത്തുകളിലും അധികാരം ലഭിച്ചിരുന്നു. പിന്നീടത് 13 പഞ്ചായത്തുകളിലേക്ക് ചുരുങ്ങുന്ന അവസ്ഥയുണ്ടായിരുന്നു.

അഞ്ച് മണ്ഡലങ്ങളില്‍ ജയം പ്രതീക്ഷിച്ചിറങ്ങിയ പാര്‍ട്ടി രണ്ടിടത്ത് ജയിക്കുമെന്ന പ്രതീക്ഷ ഇപ്പോഴും വച്ചുപുലര്‍ത്തുന്നുണ്ട്, തിരുവനന്തപുരവും തൃശ്ശൂരും താമരവിരിയുമെന്നാണ് ജില്ലാ ഘടകങ്ങളുടെ കണക്ക്.20 ശതമാനം വോട്ടു വിഹിതം പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നാണ് ജില്ല ഘടകങ്ങളുടെ കണക്ക്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com