'കുടുംബത്തിന് ഉപകാരിയാണ്, പക്ഷെ വകതിരിവ് വട്ടപൂജ്യം'; ചെറിയ ലാഭം വലിയ നഷ്ടമുണ്ടാക്കുമെന്ന് എംവിഡി

'കുടുംബത്തിന് ഉപകാരിയാണ്, പക്ഷെ വകതിരിവ് വട്ടപൂജ്യം'; ചെറിയ ലാഭം വലിയ നഷ്ടമുണ്ടാക്കുമെന്ന് എംവിഡി

നമ്മുടെ ജീവന്‍ പോലെത്തന്നെ അമൂല്യമാണ് മറ്റുള്ളവരുടെയും ജീവന്‍

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രികര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ട വസ്തുക്കള്‍ ഇരുചക്രവാഹനങ്ങളില്‍ കയറ്റുന്നത് നിയമവിരുദ്ധമാണെന്ന് എംവിഡി ഓര്‍മ്മപ്പെടുത്തുന്നു. ഇത് വലിയ അപകടങ്ങളുണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

'സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് രണ്ടു പേര്‍ക്ക് യാത്ര ചെയ്യുന്നതിനായി രൂപ കല്‍പ്പന ചെയ്തിട്ടുള്ള വാഹനമാണ് മോട്ടോര്‍ സൈക്കിള്‍. ബോഡിയുടെ ബാലന്‍സിങ് മോട്ടോര്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഘടകമാണ്. മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്ന വസ്തുക്കള്‍ സുരക്ഷിതമായ റൈഡിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ചും വശങ്ങളിലേക്ക് തള്ളി നില്‍ക്കുന്നവ.

ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടു പോകേണ്ടുന്ന വസ്തുക്കള്‍ ഇത്തരത്തില്‍ മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്നത് നിയവിരുദ്ധമാണ്. ഇത് വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന്‍ അപകടത്തിലാക്കാന്‍ തക്ക സാധ്യതയുള്ളതാണ്. നിയമവിധേയമായി, സുരക്ഷിതമായി വാഹനങ്ങള്‍ ഉപയോഗിക്കൂ. സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരൂ. നമ്മുടെ ജീവന്‍ പോലെത്തന്നെ അമൂല്യമാണ് മറ്റുള്ളവരുടെയും ജീവന്‍', എംവിഡി പറയുന്നു.

logo
Reporter Live
www.reporterlive.com