അമ്മയുടെ മരണം മകള്‍ മരിച്ച് ഒരു ദിവസത്തിന് ശേഷം; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

വീട്ടില്‍ എഴുപത്തിയെട്ടുകാരി സുനന്ദയും നാല്പത്തെട്ട്‍ കാരി മകള്‍ ദീപയും മാത്രമായിരുന്നു താമസം
അമ്മയുടെ മരണം മകള്‍ മരിച്ച് ഒരു ദിവസത്തിന് ശേഷം; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂര്‍: കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്മ സുനന്ദയുടെയും മകള്‍ ദീപയുടെയും മൃതദേഹം കൊറ്റാളിയിലെ വീട്ടില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അമ്മ സുനന്ദ വി ഷേണായിയുടെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കവും മകള്‍ ദീപ വി ഷേണായിയുടെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കവും ആണുള്ളത്. വീട്ടില്‍ എഴുപത്തിയെട്ടുകാരി സുനന്ദയും നാല്പത്തെട്ട്‍ കാരി മകള്‍ ദീപയും മാത്രമായിരുന്നു താമസം. ദുര്‍ഗന്ധത്തെ തുടര്‍ന്ന് അയല്‍വാസി രാവിലെ നോക്കിയപ്പോഴാണ് ഇരുവരും മരിച്ചു കിടക്കുന്നത് കണ്ടത്.

ജനലുകളും വാതിലും തുറന്നിട്ട നിലയിലായിരുന്നു. ദീപയെ ഡൈനിങ് ഹാളിലും സുനന്ദയെ അടുക്കളയോട് ചേര്‍ന്നുമാണ് കണ്ടത്. വിഷാംശം അകത്ത് ചെന്നതാവാം മരണ കാരണം എന്നാണ് നിഗമനം. കൊലപാതകത്തിനുള്ള സാധ്യതയില്ലെന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. മരണകാരണത്തിന് വ്യക്തത വരാന്‍ രാസ പരിശോധനാഫലം കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് ഇരുവരെയും നാട്ടുകാര്‍ അവസാനമായി കണ്ടത്. വോട്ട് ചെയ്യാനായി ഇരുവരും ഒരുമിച്ച് ഓട്ടോയിലാണ് പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. അന്നേദിവസം വൈകീട്ട് മൂന്നുവരെ ഇവരെ വീടിനുപുറത്ത് കണ്ടവരുണ്ട്. വീടിന്റെ മുന്‍വാതിലിന്റെ കുറ്റിയിട്ടിട്ടില്ലായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. മൂന്നുദിവസത്തെ പത്രങ്ങള്‍ മുന്‍വാതില്‍പ്പടിയിലുണ്ടായിരുന്നു. വീട്ടിനുള്ളില്‍ ഫാനുകളും ലൈറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

20 വര്‍ഷം മുന്‍പ് സുനന്ദയുടെ ഭര്‍ത്താവ് വിശ്വനാഥ് ഷേണായി കനറാ ബാങ്കില്‍നിന്ന് വിരമിച്ചശേഷമാണ് കൊറ്റാളിയിലെ വീട് വാങ്ങിയത്. വിശ്വനാഥന്റെ മരണശേഷം 10 വര്‍ഷത്തോളമായി സുനന്ദയും മകള്‍ ദീപയും മാത്രമായാണ് ഇവിടെ താമസം. അയല്‍വാസികളുമായി ഇരുവര്‍ക്കും കൂടുതല്‍ അടുപ്പമുണ്ടായിരുന്നില്ല. ദീപ അവിവാഹിതയാണ്.

അമ്മയുടെ മരണം മകള്‍ മരിച്ച് ഒരു ദിവസത്തിന് ശേഷം; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ, ടെസ്റ്റ് തടയുമെന്ന് സിഐടിയു യൂണിയൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com