അന്യഗ്രഹത്തെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചും തിരഞ്ഞു; ദുരൂഹതയൊഴിയാതെ മലയാളികളുടെ മരണം

ഇത്തരം കാര്യങ്ങള് അറിയാന് അഞ്ഞൂറും ആയിരവും പേജുകളുള്ള പുസ്തകങ്ങളാണ് ഡൗണ്ലോഡ് ചെയ്ത് വായിച്ചിരിക്കുന്നത്

dot image

തിരുവനന്തപുരം: ദുരൂഹതയൊഴിയാതെ അരുണാചലിലെ മലയാളികളുടെ മരണം. മരിച്ച നവീനിന്റെയും ഭാര്യ ദേവിയുടെയും ലാപ്ടോപ്പുകളില് നിന്ന് അന്യഗ്രഹത്തെ കുറിച്ചും അന്യഗ്രഹ ജീവികളെ കുറിച്ചും തിരഞ്ഞതിന്റെ സൂചനകള് ലഭിച്ചിട്ടുണ്ട്. മരണാനന്തരം എത്തുമെന്ന് വാദിക്കുന്ന അന്യഗ്രഹങ്ങളിലെ ജീവിത രീതി സംബന്ധിച്ചും പരിശോധിച്ചിട്ടുണ്ട്.

ഇത്തരം കാര്യങ്ങള് അറിയാന് അഞ്ഞൂറും ആയിരവും പേജുകളുള്ള പുസ്തകങ്ങളാണ് ഡൗണ്ലോഡ് ചെയ്ത് വായിച്ചിരിക്കുന്നത്. അരുണാചല് പ്രദേശിലെ സീറോയില് ഇവര് താമസിച്ച മുറിയില് നിന്ന് രണ്ട് ലാപ്ടോപ്പുകള് കണ്ടെത്തി. കേരള പൊലീസും അരുണാചല് പൊലീസും കേസില് അന്വേഷണം നടത്തുന്നുണ്ട്.

മരിച്ചവരുടെ പോസ്റ്റ്മോര്ട്ടം നടപടികള് പൂര്ത്തിയായിരുന്നു. മൃതദേഹങ്ങള് ഇന്ന് കേരളത്തിലെത്തിക്കും. സംഭവത്തില് വിശദമായ അന്വേഷണം തുടരുകയാണെന്നും ലോവര് സുബാന്സിരി എസ്പി കെനി ബാഗ്ര മാധ്യമങ്ങളെ അറിയിച്ചിരുന്നു. തിരുവനന്തപുരം വട്ടിയൂര്കാവ് സ്വദേശിനി ദേവി (40), ഭര്ത്താവ് കോട്ടയം മീനടം നെടുംപൊയ്കയില് നവീന്തോമസ് (40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്ക്കാവ് മണികണ്ഠേശ്വരം മേലത്തുമേലെ ജങ്ഷന് 'ശ്രീരാഗ'ത്തില് ആര്യ നായര് (29) എന്നിവരെയാണ് കഴിഞ്ഞദിവസം അരുണാചലിലെ ഹോട്ടല്മുറിയില് മരിച്ചനിലയില് കണ്ടെത്തിയത്. മരണത്തില് അടിമുടി ദുരൂഹതകളുള്ളതിനാല് പൊലീസ് ശാസ്ത്രീയമായ അന്വേഷണം നടത്തുകയാണ്.

ബ്ലാക് മാജിക് വിവാദം മരണത്തിന്റെ ആദ്യഘട്ടം മുതലേ ഉയര്ന്നുവന്ന സംശയമായിരുന്നു. ദമ്പതിമാരും മകളും ആണെന്ന് പറഞ്ഞാണ് മൂവരും മുറിയെടുത്തത്. ആര്യ മകളാണെന്ന് പറഞ്ഞാണ് മുറിയെടുത്തത്. എന്നാല്, ഇതിനുള്ള രേഖകള് നല്കിയില്ല. മാര്ച്ച് 28നാണ് മൂവരും ഹോട്ടലില് മുറിയെടുത്തതെന്ന് എസ്പി പറഞ്ഞു. മാര്ച്ച് 31വരെ മൂവരെയും ഹോട്ടല് ജീവനക്കാര് പുറത്ത് കണ്ടിരുന്നു. ഹോട്ടലിലെ റസ്റ്റോറന്റില് നിന്നാണ് ഇവര് സ്ഥിരമായി ഭക്ഷണം കഴിച്ചിരുന്നത്. തുടര്ന്ന് ഇവരെ മുറിയില്നിന്ന് പുറത്തുകണ്ടില്ല. രാവിലെ 9.15ഓടെ ഫോണ് വിളിച്ചിട്ടും മുറിയില്നിന്ന് ആരും പ്രതികരിച്ചില്ല. തുടര്ന്ന് വാതിലില് മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

ഇതോടെ ജീവനക്കാര് വാതില് തുറന്ന് അകത്ത് കടക്കുകയായിരുന്നു. യുവതികളുടെ മൃതദേഹങ്ങള് കണ്ടതിനെ തുടര്ന്ന് ഉടന് പൊലീസില് വിവരം അറിയിച്ചു. മുറിയില് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ല. ഹോട്ടലിലെ സിസിടിവി പരിശോധിച്ചു. സംശായസ്പദമായി ഒന്നും കണ്ടെത്താനായില്ല. നവീന് ഒപ്പിട്ടതെന്ന് കരുതുന്ന ഒരുകത്തു ലഭിച്ചു. ഞങ്ങള് സന്തോഷത്തിലാണെന്നും എവിടെയായിരുന്നോ അവിടേക്ക് പോവുകയാണെന്നുമാണ് കത്തിലുണ്ടായിരുന്നത്. ചില ഫോണ്നമ്പറുകളും കത്തിലുണ്ടായിരുന്നു. കത്തിലുണ്ടായിരുന്ന നമ്പറില്നിന്ന് ദേവിയുടെ പിതാവിനെയാണ് പൊലീസ് ആദ്യം ബന്ധപ്പെട്ടത്.

dot image
To advertise here,contact us
dot image