ജോത്സ്യന്‍ കുറിച്ചസമയം രാവിലെ 10നും 12നും ഇടയില്‍; കളക്ട്രേറ്റില്‍ നടന്നത് വിശദീകരിച്ച് ഉണ്ണിത്താന്‍

മനുപൂര്‍വ്വം വരണാധികാരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആദ്യകൂപ്പണ്‍ കൊടുക്കുകയായിരുന്നുവെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.
ജോത്സ്യന്‍ കുറിച്ചസമയം രാവിലെ 10നും 12നും ഇടയില്‍; കളക്ട്രേറ്റില്‍ നടന്നത് വിശദീകരിച്ച് ഉണ്ണിത്താന്‍

കാസര്‍കോട്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ കളക്ടര്‍ വിവേചനപരമായി പെരുമാറിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അത് വരണാധികാരിക്ക് ചേര്‍ന്നതല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ആദ്യ ടോക്കണ്‍ ലഭിച്ചില്ലെന്ന് ആരോപിച്ചുള്ള പ്രതിഷേധത്തിനൊടുവിലായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കിയത്. കളക്ടറുടെ ചേമ്പറിന് മുന്നില്‍ അദ്ദേഹം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

'നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജോത്സ്യന്‍ കുറിച്ചു തന്ന സമയം രാവിലെ 10 നും 12 നും ഇടയിലാണ്. അത് നേരത്തെ വരണാധികാരിയെ അറിയിച്ചിരുന്നു. ഈശ്വരവിശ്വാസിയാണ്. സ്വാഭാവികമായും ജാതക പ്രകാരം ഇതൊക്കെ നോക്കിയാണ് നോമിനേഷന്‍ കൊടുക്കുന്നത്. എന്നാല്‍ 10 മണിക്ക് കളക്ട്രേറ്റ് ഓഫീസില്‍ ആരാണോ ആദ്യം എത്തുന്നത് അവര്‍ക്ക് ഒന്നാമത്തെ ടോക്കണ്‍ കൊടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. നോമിനേഷന്‍ വെരിഫൈ ചെയ്യാന്‍ 40 മിനിറ്റ് വേണം. ഞാന്‍ 9 മണിക്ക് കളക്ട്രേറ്റില്‍ എത്തി. സിസിവിടി ഫൂട്ടേജിന്റെ മുന്നില്‍ നിന്നു. മറ്റാരും ഉണ്ടായിരുന്നില്ല. ഞാന്‍ മാത്രമെ എത്തിയുള്ളൂ. എന്നാല്‍ അതിനകം തന്നെ ഒന്നാമത്തെ കൂപ്പണ്‍ കൊടുത്തുകഴിഞ്ഞിരുന്നു. രണ്ടാമത്തേത് തരാം എന്ന് ഡിവൈഎസ്പി പറഞ്ഞപ്പോള്‍ നിന്റെ ഔദാര്യം എനിക്ക് വേണ്ടെന്ന് പറഞ്ഞു. കളക്ടര്‍ നീതിപൂര്‍വ്വമല്ല പ്രവര്‍ത്തിച്ചത്. ഭരണത്തിന്റെ സ്വാധീനത്തില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തികാണണം.' റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു രാജ് മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.

മനുപൂര്‍വ്വം വരണാധികാരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആദ്യകൂപ്പണ്‍ കൊടുക്കുകയായിരുന്നുവെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com