രാഹുല്‍ ഗാന്ധി വയനാട്ടില്‍, കൂടെ പ്രിയങ്കയും; ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

രാഹുലിന് ആവേശോജ്വലമായ വരവേല്‍പ്പാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയത്
രാഹുല്‍ ഗാന്ധി വയനാട്ടില്‍, കൂടെ പ്രിയങ്കയും; ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കല്‍പ്പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. പ്രയങ്കാ ഗാന്ധിക്കൊപ്പമാണ് രാഹുല്‍ വയനാട്ടിലെത്തിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുലിന് ആവേശോജ്വലമായ വരവേല്‍പ്പാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയത്.

വയനാട്ടില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിലാണ് രാഹുല്‍ ഇറങ്ങിയത്. റോഡ് മാര്‍ഗമാണ് കല്‍പ്പറ്റയിലേക്ക് പോകുന്നത്. ഇന്ന് തന്നെ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ് ഷോയില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കും.

കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ട ഏഴ് നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കും. രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്തെ റോഡ് ഷോ സമാപനത്തിനുശേഷമാണ് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസിന്റെ മാസ്സ് പ്രചാരണ ക്യാമ്പയിന്റെ തുടക്കമായിരിക്കും രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ എന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. വൈകീട്ട് മൂന്നുമണിയോടുകൂടി കല്‍പ്പറ്റയില്‍ നിന്നാണ് രാഹുല്‍ ഡല്‍ഹിക്ക് മടങ്ങുക എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com