കേരളത്തിന് കടമെടുക്കാൻ ഇനിയും കാത്തിരിക്കണം; ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടു

കേരളം ഉന്നയിച്ചത് ഭരണഘടനാ വിഷയമെന്ന് രണ്ടംഗ ബെഞ്ച് വിലയിരുത്തി. കേരളത്തിന് ഇടക്കാലാശ്വാസം നല്‍കിയെന്നും 13608 കോടി രൂപ ലഭിച്ചെന്നും സുപ്രീം കോടതി
കേരളത്തിന് കടമെടുക്കാൻ ഇനിയും കാത്തിരിക്കണം; ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ടു

ഡൽഹി: കേന്ദ്രസർക്കാരിൽ നിന്ന് അധിക കടമെടുപ്പിനായുള്ള കേരളത്തിന്റെ ഇടക്കാല ഹർജി ഭരണഘടനാ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടു. കടമെടുപ്പ് പരിധിയില്‍ നിയമപരമായ റിവ്യൂ സാധ്യമാകുമോ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും. കേരളം ഉന്നയിച്ചത് ഭരണഘടനാ വിഷയമെന്ന് രണ്ടംഗ ബെഞ്ച് വിലയിരുത്തി. കേരളത്തിന് ഇടക്കാലാശ്വാസം നല്‍കിയെന്നും 13608 കോടി രൂപ ലഭിച്ചെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹ‍ര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടത്.

കേരളത്തിന് കൂടുതൽ കടം എടുക്കാൻ നിലവിൽ അനുവാദമില്ല. തൽക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണം.  ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന് അത് കുറയ്ക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. 

ഓരോ സംസ്ഥാനത്തിനും എത്ര വരെ കടമെടുക്കാൻ കഴിയും എന്നത് സംബന്ധിച്ചതുൾപ്പടെയുള്ള പ്രധാന ഹർജിയാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഭരണഘടനയുടെ 293ാം അനുഛേദപ്രകാരമാണ് പ്രധാനമായും ഒരു സംസ്ഥാനത്തിന് എത്ര വരെ കടമെടുക്കാമെന്ന് തീരുമാനിക്കുന്നത്. ഈ അനുഛേദം ഇതുവരെ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന് ഇന്ന് ഹർജി പരി​ഗണിച്ച രണ്ടം​ഗ ബെഞ്ച് നിരീക്ഷിച്ചു. കേരളത്തിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ ആറ് ചോദ്യങ്ങൾ ഉയർന്നുവരുന്നു എന്നാണ് കോടതി ഇന്ന് ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ അങ്ങനെയുള്ള കാര്യങ്ങൾ ഭരണഘടന ബെഞ്ച് പരി​ഗണിക്കുന്നതായിരിക്കും നല്ലതെന്ന് കോടതി വിലയിരുത്തുകയായിരുന്നു.

കേരളം കിഫ്ബി വഴി കടമെടുക്കുന്നത് കൂടി കേന്ദ്രത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തണമെന്നതടക്കമുള്ള കാര്യങ്ങളാണ് പ്രധാന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ധനകാര്യകമ്മീഷൻ വായ്പാ പരിധി ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്ന രീതി ശരിയല്ല എന്ന കാര്യവും ഹർജിയിലുണ്ട്. കേരളവും കേന്ദ്രവും തമ്മിലുള്ള ബന്ധം എന്നു പറയുമ്പോൾ അത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധമാണ്. അതുകൊണ്ട് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ള ഭരണഘടനയുടെ അനുഛേദം ചോദ്യം ചെയ്തുള്ള ഹർജി കൂടിയാണ് ഇത്. അതിനാൽ ഈ ഹർജി ഭരണഘടനാ ബെഞ്ച് പരി​ഗണിക്കട്ടെ എന്ന് രണ്ടം​ഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.

കേരളവും കേന്ദ്രവും തമ്മിൽ നടത്തിയ ച‍ര്‍ച്ചയെത്തുടര്‍ന്ന് 13,600 കോടി കേരളത്തിന് നൽകാൻ തയ്യാറാണെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഹര്‍ജി തളളിയിട്ടില്ലെന്നത് കേരളത്തിന് ആശ്വാസമാണ്. പതിനായിരം കോടി കൂടി അധികമായി കടമെടുക്കാൻ അനുവദിക്കണം എന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ കേന്ദ്രത്തിനോടും കേരളത്തിനോടും കോടതി നിർദ്ദേശിച്ചിരുന്നു. ചര്‍ച്ച ഫലം കാണാതെ വന്നതോടെ കേസിൽ കോടതി വീണ്ടും വാദം കേള്‍ക്കുകയായിരുന്നു. ഏഴ് വർഷം മുമ്പ് സംസ്ഥാന സർക്കാർ എടുത്ത അധിക കടത്തിന്റെ കണക്കുമായി ബജറ്റ് അവതരണത്തിന്റെ തലേ ദിവസം കേന്ദ്ര സർക്കാർ എത്തിയതില്‍ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നാണ് കേരളത്തിന്‍റെ വാദം. 2023 -24 സാമ്പത്തിക വർഷത്തിൽ ജിഎസ്ഡിപിയുടെ 4.25 ശതമാനം വരെ കടം കേരളം എടുത്തിട്ടുണ്ടെന്നും 25000 കോടി കൂടി ഇനി കടമെടുക്കാൻ അനുവദിച്ചാൽ അത് 7 ശതമാനം കഴിയുമെന്നുമാണ് കേന്ദ്രം പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com