തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സിപിഐഎം നേതാവിന്റെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു

നെഞ്ചിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്കോളേജ് ആശുപത്രിയില് ചികിത്സയിലാണ്

dot image

ആറ്റിങ്ങൽ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. ആറ്റിങ്ങൽ മുദാക്കല് പഞ്ചായത്ത് 19-ാം വാര്ഡ് മെമ്പര് ഊരുപൊയ്ക ശബരിനിവാസില് ബിജുവിന്റെ (53) ദേഹത്താണ് കഞ്ഞിയൊഴിച്ചത്. സംഭവത്തിൽ ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടില് സജിയെ (46) ആറ്റിങ്ങല് പൊലീസ് അറസ്റ്റ് ചെയ്തു.

നെഞ്ചിലും വയറ്റിലും ഗുരുതരമായി പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കല്കോളേജ് ആശുപത്രിയില് ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 11.30നാണ് സംഭവം. മുദാക്കല് പഞ്ചായത്തിലെ സിപിഐഎം നേതാവാണ് ബിജു. പാര്ലമെന്റ് തിരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായി മത്സരിക്കുന്ന വി ജോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഈസ്റ്റര് ആശംസാകാര്ഡുകള് വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം നടക്കുന്നത്. സജിയുടെ വീട്ടിലെത്തിയപ്പോൾ ഇയാൾ ബിജുവിനെ അസഭ്യം പറഞ്ഞു. മദ്യപിച്ച് ശല്യമുണ്ടാക്കരുതെന്ന് താക്കീത് ചെയ്ത് മടങ്ങുമ്പോള് ബിജുവിന്റെ ദേഹത്തേയ്ക്ക് സജി കഞ്ഞിക്കലം വലിച്ചെറിയുകയായിരുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഐഎം അക്കൗണ്ട് വിവരങ്ങൾ മറച്ചുവച്ചുവെന്ന് ഇഡി

സജിക്ക് ഒരു രാഷ്ട്രീയപാര്ട്ടിയുമായും ബന്ധമില്ലെന്നും ഇയാളുമായി തനിക്ക് വ്യക്തിവൈരാഗ്യമില്ലെന്നും ബിജു പറഞ്ഞു. മദ്യ ലഹരിയിൽ സംഭവിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില് രാഷ്ട്രീയമില്ലെന്ന് പ്രാഥമികാന്വേഷണത്തില് വ്യക്തമായിട്ടുണ്ടെന്നും മറ്റ് വിവരങ്ങള് അന്വേഷിച്ച് വരികയാണെന്നും ഇന്സ്പെക്ടര് വി ജയകുമാര് അറിയിച്ചു.

dot image
To advertise here,contact us
dot image