വീഴ്ചയുണ്ടായിട്ടില്ല, ഉയരുന്നത് രാഷ്ട്രീയ ആരോപണം: റിയാസ് മൗലവി കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

മുഴുവന്‍ തെളിവുകളും ഹാജരാക്കിയെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു
വീഴ്ചയുണ്ടായിട്ടില്ല, ഉയരുന്നത് രാഷ്ട്രീയ ആരോപണം: റിയാസ് മൗലവി കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

കോഴിക്കോട്: റിയാസ് മൗലവി കേസിന്റെ അന്വേഷണത്തിലോ കേസ് നടത്തിപ്പിലോ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ഷാജിത്. ഉയരുന്നത് രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണ്. മുഴുവന്‍ തെളിവുകളും ഹാജരാക്കിയെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

റിയാസ് മൗലവിയുടെ റൂമില്‍ നിന്നും കണ്ടെടുത്ത സിം കാര്‍ഡുകളും മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും പരിശോധിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിഭാഗത്തിന് പോലും അത്തരം വാദമുഖം ഇല്ല. പ്രതിഭാഗം ഉന്നയിക്കാത്ത വാദങ്ങളാണ് വിധി പകര്‍പ്പില്‍ ഇടം പിടിച്ചത്. ഡിഎന്‍എ പരിശോധനാ ഫലം പോലും തള്ളി. സാമുദായിക വിദ്വേഷം തെളിയിക്കുന്നതിന് മൂന്ന് കാരണങ്ങള്‍ കൃത്യമായും അവതരിപ്പിച്ചുവെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

കാസര്‍കോട് റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കേസ് അന്വേഷണ സംഘത്തിനും പ്രോസ്‌ക്യൂഷനും വീഴ്ച പറ്റിയതായി കണ്ടെത്തലുണ്ടായിരുന്നു. വാദങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും വിധി പകര്‍പ്പില്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com