വിവാദം അവസാനിപ്പിക്കുന്നു; ഹരിത - എംഎസ്എഫ് നേതാക്കൾക്കിടയിൽ ഒത്തുതീർപ്പ്, നടപടി പിൻവലിച്ചു

ഹരിത നേതാക്കൾ പികെ നവാസിന് എതിരെ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പിന്മാറ്റം.

dot image

മലപ്പുറം: ഹരിത വിവാദം അവസാനിക്കുന്നു. ഹരിത നേതാക്കൾക്കെതിരായ നടപടിയും ഹരിത നേതാക്കൾ നൽകിയ പരാതിയും പിൻവലിക്കാൻ ധാരണയായെന്ന് മുസ്ലിം ലീഗ്. ഹരിത നേതാക്കൾ പികെ നവാസിന് എതിരെ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പിന്മാറ്റം. മാത്രമല്ല, എംഎസ്എഫ് നേതാക്കളായ ലത്തീഫ് തുറയൂരിനെയും കെ.എം ഫവാസിനെയും തിരിച്ചെടുത്തു.

ലീഗിലെ ഒരു വിഭാഗം മുതിർന്ന നേതാക്കളുടെയും എംഎസ്എഫ് ഔദ്യോഗിക നേതൃത്വത്തിന്റെയും അതൃപ്തി നിലനിൽക്കെയാണ് പുതിയ നടപടി. ലത്തീഫ് തുറയൂരിനെയും ഫവാസിനെയും പാർട്ടിയിലേക്ക് തിരിച്ചെടുക്കാൻ മധ്യസ്ഥത വഹിച്ചത് പികെ കുഞ്ഞാലിക്കുട്ടിയാണ്. എ ആർ നഗർ ബാങ്ക് വിഷയത്തിൽ വിവരാവകാശ നോട്ടീസ് നൽകി നിയമ നടപടികൾക്ക് നേതൃത്വം നൽകുന്നവരെ പാർട്ടിയിലെ എതിർപ്പുകളെ അവഗണിച്ചു തിരിച്ചെടുക്കാൻ കാരണം കുഞ്ഞാലിക്കുട്ടിയെന്നും വിമർശനമുയരുന്നുണ്ട്.

2021 ജൂൺ 22ന് കോഴിക്കോട് നടന്ന എംഎസ്എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസ് ഹരിത സംഘത്തെ അഭിസംബോധന ചെയ്തതാണ് വിവാദമായത്. സംഘടന സംബന്ധിച്ച വിഷയത്തിൽ അഭിപ്രായം ആരാഞ്ഞ നവാസ്, 'വേശ്യക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകും' എന്നാണ് പരാമർശിച്ചതെന്ന് ഹരിത നേതാക്കൾ വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയായ വഹാബ് ഫോണിലൂടെ വിളിച്ചും അസഭ്യം പറഞ്ഞുവെന്നും ഇവരുടെ പരാതിയിൽ ആരോപിച്ചിരുന്നു. വൈകാതെ, ജില്ലാ പ്രസിഡൻറ് കബീർ ജില്ലാ കമ്മിറ്റി യോഗത്തിൽ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഹരിത നേതാവ് ആഷിഖ ഖാനവും രംഗത്തെത്തിയിരുന്നു. വനിതാ കമ്മീഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

dot image
To advertise here,contact us
dot image