സീരിയൽ നിർമ്മാണത്തിന്റെ പേരിൽ തട്ടിപ്പ്; സംവിധായകനെതിരെ കേസെടുത്തു

'അരികിൽ ഒരാൾ' എന്ന പേരിൽ സീരിയൽ നിർമ്മിക്കാനെന്ന് വിശ്വസിപ്പിച്ചാണ് എട്ട് ലക്ഷം രൂപ തട്ടിയത്
സീരിയൽ നിർമ്മാണത്തിന്റെ പേരിൽ തട്ടിപ്പ്; സംവിധായകനെതിരെ കേസെടുത്തു

കൊച്ചി: ടിവി സീരിയൽ നിർമ്മിക്കാൻ വേണ്ടിയെന്ന് പറഞ്ഞ് വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംവിധായകനെതിരെ കൊച്ചിയിൽ പൊലീസ് കേസ് എടുത്തു. നിരവധി സീരിയലുകളുടെ സംവിധായകനും ബിജെപി നേതാവുമായ സുജിത് സുന്ദറിനെതിരെയാണ് കോടതിയുടെ നിർദേശ പ്രകാരം ഹിൽ പാലസ് പൊലീസ് കേസ് എടുത്തത്.

2022 ഡിസംബറിലാണ് ചാലക്കുടി സ്വദേശിയായ വ്യക്തിയിൽ നിന്ന് സുജിത് സുന്ദർ പണം തട്ടിയത്. 'അരികിൽ ഒരാൾ' എന്ന പേരിൽ സീരിയൽ നിർമ്മിക്കാനെന്ന് വിശ്വസിപ്പിച്ചാണ് എട്ട് ലക്ഷം രൂപ തട്ടിയത്. ഒരു ചാനലിൽ നിന്ന് സീരിയലിന് അംഗീകാരം ലഭിച്ചിട്ടുണ്ട് എന്നും വിശ്വസിപ്പിച്ചു. ചാനലിൽ നിന്ന് മെയിൽ വഴി വന്ന സന്ദേശവും കാണിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങാത്തതിനെ തുടർന്നാണ് സംശയം തോന്നിയത്.

ചാനൽ ഓഫിസിൽ പോയി അന്വേഷിച്ചപ്പോൾ മെയിൽ സന്ദേശം വ്യാജമായി ഉണ്ടാക്കിയതാണെന്ന് വ്യക്തമായി. പണം തിരിച്ചു നൽകാൻ സുജിത് സുന്ദർ തയ്യാറായതുമില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. കോടതിയുടെ നിർദേശ പ്രകാരം തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസാണ് ഇപ്പോൾ കേസ് എടുത്തത്. കഴിഞ്ഞ വർഷം ബിജെപിയിൽ ചേർന്ന സുജിത് സുന്ദർ നിലവിൽ കൾച്ചറൽ സെൽ സംസ്ഥാന കോർഡിനേറ്ററാണ്. നേരത്തെ ജെഡിഎസ് സംസ്ഥാന കൗൺസിൽ അംഗമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com