ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് വളര്‍ത്തല്‍; അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമെന്ന് റേഞ്ചര്‍, മൊഴി എടുത്തു

വനം വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്
ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് വളര്‍ത്തല്‍; അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമെന്ന് റേഞ്ചര്‍,  മൊഴി എടുത്തു

പത്തനംതിട്ട: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആർ ജയന്റെ മൊഴി എടുത്തു. വനം വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്.
വ്യക്തമായ മൊഴി നൽകിയിട്ടുണ്ടെന്നും
അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ബി ആർ ജയൻ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം ചെയ്തവർ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം . അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ഓഫീസര്‍ പറഞ്ഞു. തനിക്കെതിരെ ഉദ്യോഗസ്ഥ തല ഗൂഢാലോചനയെന്ന് കരുതുന്നില്ലെന്നും
മേൽ ഉദ്യോഗസ്ഥരെ പൂർണവിശ്വാസമാണെന്നും ബി ആര്‍ ജയൻ പറഞ്ഞു.

എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അറിവോടെ ഗ്രോ ബാഗിൽ കഞ്ചാവ് ചെടി വളർത്തിയെന്ന എരുമേലി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ബി ആർ ജയൻ്റെ റിപ്പോർട്ടിൽ ദുരൂഹത വനം വകുപ്പ് സംശയിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് വന്നതിനുശേഷം ഫോറസ്റ്റ് റേഞ്ച് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചതിലും വനംവകുപ്പിന് സംശയമുണ്ട്.

ഈ മാസം 16 നാണ് ബി ആർ ജയൻ പ്ലാച്ചേരി വനംവകുപ്പ് ഓഫീസിൽ പരിശോധനയ്ക്ക് എത്തിയത്. എന്നാൽ കഞ്ചാവ് ചെടികൾ ആ സമയം കണ്ടെടുക്കാൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് കഴിഞ്ഞിരുന്നില്ല. ഗ്രോ ബാഗുകളിലുള്ള കഞ്ചാവ് ചെടികളുടെ ഫോട്ടോയും റിപ്പോർട്ടും ആണ് കോട്ടയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ സമർപ്പിച്ചത്. മലപ്പുറം ഫോറസ്ട്രി ഓഫീസിലേക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ച ശേഷമാണ് ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ റിപ്പോർട്ട് നൽകിയത്. ഇക്കാര്യത്തിലും വനംവകുപ്പിന് സംശയമുണ്ടായിരുന്നു.

നേരത്തെ അമിത ജോലിഭാരം നൽകുന്നു എന്ന് ചൂണ്ടിക്കാട്ടി വനിതാ ജീവനക്കാർ എരുമേലി ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ ബി ആർ ജയന് എതിരെ വനം വകുപ്പിന് പരാതി നൽകിയിരുന്നു. ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ റിപ്പോർട്ടിൽ ഈ വനിതാ ജീവനക്കാരുടെ പേരും പരാമർശിച്ചിട്ടുണ്ട്. ഇതും വനംവകുപ്പിന് ചില സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. വനം വകുപ്പ് ഓഫീസ് കോമ്പൗണ്ടിൽ പരസ്യമായി ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി നടത്താൻ ഉദ്യോഗസ്ഥർ ധൈര്യപ്പെടുമോ എന്ന ചോദ്യവും വനം വകുപ്പിനുണ്ട്. യൂത്ത് കോൺഗ്രസിന്റെ സമരത്തിനിടെ കഞ്ചാവ് ചെടി കണ്ടെടുത്തതിലും വനവകുപ്പ് ദുരൂഹത സംശയിക്കുന്നുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com