ക്ഷണമില്ല, പാലക്കാട് പോയത് മോദിയെ സ്വീകരിക്കാന്‍; മലപ്പുറത്ത് വരാമെന്ന് വാക്ക് തന്നു: അബ്ദുള്‍ സലാം

മോദിയെ കണ്ട് മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണെന്ന് വ്യക്തമാക്കിയപ്പോള്‍ അദ്ദേഹം ആശംസ നേര്‍ന്നു
ക്ഷണമില്ല, പാലക്കാട് പോയത് മോദിയെ സ്വീകരിക്കാന്‍; മലപ്പുറത്ത് വരാമെന്ന് വാക്ക് തന്നു: അബ്ദുള്‍ സലാം

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയില്‍ പങ്കെടുപ്പിച്ചില്ലെന്ന ആരോപണം തള്ളി മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ. എം അബ്ദുള്‍ സലാം. മോദിയോടൊപ്പമുള്ള റോഡ് ഷോയ്ക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നില്ലെന്നും പാലക്കാട് പോയത് മോദിയെ സ്വീകരിക്കാനാണെന്നും അബ്ദുള്‍ സലാം പ്രതികരിച്ചു.

'ആരെല്ലാമാണ് മോദിയുടെ റോഡ് ഷോയ്ക്ക് ഒപ്പം ഉണ്ടാകേണ്ടതെന്ന് ഒരാഴ്ച്ച മുമ്പു തന്നെ തീരുമാനിച്ചതാണ്. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍, പാലക്കാടിന്റെ ഒരു നിയോജകമണ്ഡലം പങ്കിടുന്ന ലോക്സഭാ മണ്ഡലമായ പൊന്നാനിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നിവേദിത സുബ്രഹ്‌മണ്യന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ എന്നീ മൂന്ന് പേര്‍ പ്രധാനമന്ത്രിക്കൊപ്പം പ്രചാരണ വാഹനത്തില്‍ കയറണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ചതാണ്. നിരവധി കമ്മിറ്റികള്‍ അംഗീകരിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കപ്പെടുന്നത്. എന്നാല്‍ ഇതൊന്നും അറിയാതെയാണ് മലപ്പുറം സ്ഥാനാര്‍ത്ഥിയും മോദിക്കൊപ്പം വാഹനത്തില്‍ ഉണ്ടെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്.' അബ്ദുള്‍ സലാം പറഞ്ഞു.

മോദിയെ കണ്ട് മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണെന്ന് വ്യക്തമാക്കിയപ്പോള്‍ അദ്ദേഹം ആശംസ നേര്‍ന്നു. മലപ്പുറം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടു. ചിരിച്ചുകൊണ്ട് അദ്ദേഹം അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. തുടര്‍ന്ന് പട്ടികയില്‍ നേരത്തെ നിശ്ചയിച്ചവരുമായി റോഡ് ഷോ തുടങ്ങുകയായിരുന്നു. ഒപ്പം താന്‍ മടങ്ങുകയും ചെയ്തു. ഇതാണ് അവിടെ സംഭവിച്ചതെന്നും അബ്ദുള്‍ സലാം വ്യക്തമാക്കി.

ഒരാഴ്ച്ച മുമ്പ് തന്നെ അംഗീകരിക്കപ്പെട്ട പട്ടികയില്‍ അന്നു തന്നെ തന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. സുരക്ഷയുടെ ഭാഗമായി മൂന്നുപേര്‍മാത്രമെ വാഹനത്തില്‍ കയറാന്‍ അനുവാദമുണ്ടായിരുന്നുള്ളു. തമിഴ്നാട്ടില്‍ നടന്ന റോഡ് ഷോയിലും മോദിക്കൊപ്പം മൂന്നുപേരെ മാത്രമെ പ്രവേശിപ്പിച്ചിരുന്നുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധത പ്രചരിപ്പിക്കാന്‍ മുസ്ലിം സ്ഥാനാര്‍ത്ഥിയായതുകൊണ്ടാണ് മോദിയുടെ പ്രചാരണ വാഹനത്തില്‍ കയറ്റാത്തതെന്ന തരത്തില്‍ വ്യാജപ്രചാരണം സൃഷ്ടിക്കുകയായിരുന്നു. ബിജെപി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന് വരുത്തി തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ചില രാഷ്ട്രീയ നേതാക്കളും വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com