എം എം മണി തള്ളിപ്പറഞ്ഞുവെന്ന് കരുതുന്നില്ല; ജോയ്സ് ജോർജിന് കരുത്തുപകരും: എസ് രാജേന്ദ്രൻ

എസ് രാജേന്ദ്രൻ പാർട്ടി വിട്ടുപോയി എന്നത് മാധ്യമങ്ങളുടെ പ്രചാരണമാണെന്നും എംഎം മണി പ്രതികരിച്ചു
എം എം മണി തള്ളിപ്പറഞ്ഞുവെന്ന് കരുതുന്നില്ല; ജോയ്സ് ജോർജിന് കരുത്തുപകരും: എസ് രാജേന്ദ്രൻ

മൂന്നാർ: എം എം മണി തന്നെ തള്ളിപ്പറഞ്ഞുവെന്നു കരുതുന്നില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ റിപ്പോർട്ടറിനോട്. അഭിപ്രായ വ്യത്യാസങ്ങൾ തീർന്നുവെന്ന് പറയാൻ കഴിയില്ലെന്നും ഇപ്പോൾ തിരഞ്ഞെടുപ്പിനാണ് പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം നിലനില്‍ക്കെ പാര്‍ട്ടി വിടില്ലെന്ന പ്രഖ്യാപനവുമായി രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് റിപ്പോർട്ടറിനോട് പ്രതികരിച്ചത്. മെമ്പർഷിപ്പ് വേണോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ കാര്യമാണ്. ചർച്ച ചെയ്ത് നിലപാട് സ്വീകരിക്കും. മാറ്റം എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറ്റുന്നിടത്തോളം പ്രവർത്തിക്കും. ജോയ്സ് ജോർജിന്റെ മനസ്സിനൊരു ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും കരുത്ത് പകരുമെന്നും രാജേന്ദ്രൻ വ്യക്തമാക്കി.

അതേസമയം, എസ് രാജേന്ദ്രൻ ഇപ്പോഴും പാർട്ടിയാണെന്നും പാർട്ടി വിട്ടുപോയി എന്നത് മാധ്യമങ്ങളുടെ പ്രചാരണമാണെന്നും എംഎം മണി പ്രതികരിച്ചു. നടപടികൾ ഉണ്ടായെന്നും രാജേന്ദ്രൻ അതിന് വിധേയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

എസ് രാജേന്ദ്രന്റെ വാക്കുകൾ

അഭിപ്രായ വ്യത്യാസങ്ങൾ തീർന്നുവെന്ന് പറയാൻ കഴിയില്ല. ഇപ്പോൾ തെരഞ്ഞെടുപ്പിനാണ് പ്രാധാന്യം. മെമ്പർഷിപ്പ് വേണോ വേണ്ടയോ എന്നുള്ളത് വ്യക്തിപരമായ കാര്യമാണ്. ചർച്ച ചെയ്ത് നിലപാട് സ്വീകരിക്കും. ഇടതുപക്ഷത്തിന് പോറൽ പറ്റാതെ നിലപാട് സ്വീകരിക്കണം. മാറ്റം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എംഎം മണി തള്ളിപ്പറഞ്ഞു എന്നു കരുതുന്നില്ല. പുറത്തു പോട്ടെ എന്നും പുറത്താക്കുമെന്നും എംഎം മണി പറഞ്ഞിട്ടുണ്ടാകാം. അവരവർ തീരുമാനിച്ചാൽ പാർട്ടിയിൽ തുടരാം. മെമ്പർഷിപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ആരുടെയെങ്കിലും ആശയം പറിച്ചുമാറ്റാൻ പറ്റോ? ഇല്ല. ചർച്ചയ്ക്കുള്ള അവസരമല്ലിപ്പോൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പറ്റുന്നിടത്തോളം പ്രവർത്തിക്കും. ജോയ്സ് ജോർജിന്റെ മനസ്സിനൊരു ബുദ്ധിമുട്ട് ഉണ്ടാകരുത്. മനസിന് കരുത്തുപകരണം. എന്നിലൂടെ അതിനൊരു കുറവുണ്ടാകരുത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com