രാജപ്രൗഢിയോടെ കുതിച്ച് കൊച്ചി മെട്രോ രാജനഗരിയിലേക്ക്; തൃപ്പൂണിത്തുറ സ്റ്റേഷൻ ഉദ്ഘാടനം മാർച്ച് 6ന്

ഉദ്ഘാടനത്തിനോടനുബന്ധിച്ച് തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കുള്ള ആദ്യ ട്രെയിൻ യാത്ര ഭിന്നശേഷിക്കാരായ കുട്ടികളുമായാണ്
രാജപ്രൗഢിയോടെ കുതിച്ച് കൊച്ചി മെട്രോ രാജനഗരിയിലേക്ക്; തൃപ്പൂണിത്തുറ സ്റ്റേഷൻ ഉദ്ഘാടനം മാർച്ച് 6ന്

കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ ഉദ്ഘാടനം മാർച്ച് ആറിന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും. ആറാം തീയതി രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് കൊൽക്കത്തയിൽ നിന്ന് ഓൺലൈനായാണ് പ്രധാനമന്ത്രി സൈന്‍ ഓഫ് ചെയ്യുക. ഉദ്ഘാടനത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്കുള്ള ആദ്യ ട്രെയിൻ യാത്ര ഭിന്നശേഷിക്കാരായ കുട്ടികളുമായാണ്.

ആദ്യ ട്രെയിൻ പുറപ്പെട്ടതിന് ശേഷം അന്നേ ദിവസം തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂിത്തുറയിൽ നിന്ന് ട്രെയിൻ സർവ്വീസ് ആരംഭിക്കും. പുതുതായി നിർമ്മിച്ച തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ രാവിലെ 9.45 മുതൽ കൊച്ചി മെട്രോ ഫേസ് 1-ബി നാടിന് സമർപ്പിക്കുന്നതിന്റെ ചടങ്ങുകൾ ആരംഭിക്കും. ജനപ്രതിനിധികളും വിവിധ വിശിഷ്ഠ വ്യക്തികളും സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.

ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവിൽ ആലുവയിൽ നിന്ന് എസ് എൻ ജംഗ്ഷനിലേക്കുള്ള നിരക്കായ 60 രൂപ തന്നെയായിരിക്കും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുക. അതുവരെ 15 രൂപ ഇളവോടെ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് സഞ്ചരിക്കാം.

രാജനഗരിയായ തൃപ്പൂണിത്തറയിലേക്ക് കൊച്ചി മെട്രോ എത്തുമ്പോൾ പ്രൌഢഗംഭീരമായ വരവേൽപ്പാണ് ഒരുക്കുന്നത്. മെട്രോ സ്റ്റേഷനും തൂണുകളും മ്യൂറൽ ചിത്രങ്ങളാൽ സമ്പന്നമാക്കിയിരിക്കുകയാണ്. സ്റ്റേഷന് മുൻവശത്തെ തൂണുകളിൽ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ച്ചകളുടെ മ്യൂറൽ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാൻസ് മ്യൂസിയവും ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്ന് നൽകും. ഈ സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലും ലൈറ്റുകളിലും മറ്റ് ഇൻറ്റീരിയർ ഡിസൈനിലുമെല്ലാം രാജനഗരിയുടെ പൈതൃകം കൊണ്ടുവരുന്നതിനായി ശ്രമിച്ചിട്ടുണ്ട്.

1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ഓപ്പൺ വെബ് ഗിർഡർ സാങ്കേിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ് എൻ ജംഗ്ഷൻ- തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീറ്റർ മേഖലയിലാണ്. എസ് എൻ ജംഗ്ഷൻ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ വരെ 1.16 കിലോമീറ്റർ ദൂരമാണ് ഫേസ് 1- ബി. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക. ഭൂമി ഏറ്റെടുക്കുന്നതിനും നിർമ്മാണത്തിനുമുൾപ്പെടെ 448.33 കോടി രൂപയാണ് ചെലവ് വന്നിരിക്കുന്നത്.

രാജപ്രൗഢിയോടെ കുതിച്ച് കൊച്ചി മെട്രോ രാജനഗരിയിലേക്ക്; തൃപ്പൂണിത്തുറ സ്റ്റേഷൻ ഉദ്ഘാടനം മാർച്ച് 6ന്
കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെയെന്ന്; പി സി ജോര്‍ജിന്റെ വീട്ടിലെത്തി അനില്‍ ആന്റണി, മധുരം കൈമാറി

Related Stories

No stories found.
logo
Reporter Live
www.reporterlive.com