മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവെച്ചു

ആദ്യ ഘട്ടത്തിൽ പിന്തുണച്ചിട്ട് പിന്നീട് എന്തിനാണ് എതിർപ്പുമായി രംഗത്തെത്തിയതെന്ന് റിസർവ് ബാങ്കിനോടും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദ്യം ഉന്നയിച്ചു
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവെച്ചു

കൊച്ചി: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവെച്ച് ഹൈക്കോടതി. മുസ്ലിം ലീഗ് നേതാവ് യു എ ലത്തിഫും പ്രാഥമിക സഹകരണ ബാങ്കുകളും നൽകിയ അപ്പീലുകൾ ഹൈക്കോടതി തള്ളി. നേരത്തെ നടപടി ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. സര്‍ക്കാര്‍ നടപടി നിയമപരമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ പിന്തുണച്ചിട്ട് പിന്നീട് എന്തിനാണ് എതിർപ്പുമായി രം​ഗത്തെത്തിയതെന്ന് റിസർവ് ബാങ്കിനോടും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദ്യം ഉന്നയിച്ചു.

കേസിൽ നേരത്തെ സിംഗിൾ ബെഞ്ചും മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവെച്ചിരുന്നു. ജസ്റ്റിസ് പി ​ഗോപിനാഥൻ്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിൻ്റേതായിരുന്നു നടപടി. ഈ വിധി ചോദ്യം ചെയ്തായിരുന്ന ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സഹകരണ നിയമം ഭേദ​ഗതി ചെയ്തുകൊണ്ടായിരുന്നു സർക്കാർ നേരത്തെ ജില്ലാ ബാങ്ക് ലയനം നടത്തിയത്. എന്നാൽ മലപ്പുറം ജില്ലാ ബാങ്ക് തുടക്കത്തിൽ തന്നെ ഈ നടപടി ക്രമവുമായി സഹകരിക്കാതെ മാറിനിൽക്കുകയായിരുന്നു.

സർക്കാർ നിലപാടിനെതിരായി കോടതിയിൽ റിസർവ്വ് ബാങ്കും നിലപാട് സ്വീകരിച്ചിരുന്നു. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ സഹകരണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി കേന്ദ്രനിയമത്തിലെ വ്യവസ്ഥകൾക്ക് എതിരാണെന്നായിരുന്നു റിസർവ്വ് ബാങ്ക് നിലപാട്. ഇത് ചൂണ്ടിക്കാണിച്ച് ലയനം അസാധുവായി പ്രഖ്യാപിക്കണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.

ബാങ്ക് ജനറൽ ബോഡി കേവലഭൂരിപക്ഷത്തോടെ പാസാക്കുന്ന പ്രമേയത്തിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ സഹകരണബാങ്കിനെ സഹകരണ രജിസ്ട്രാർക്ക് കേരളബാങ്കിൽ ലയിപ്പിക്കാമെന്ന ഭേദഗതി 2021ലാണ് പാസാക്കിയത്. ഇത്തരത്തിലൊരു പ്രമേയം പാസാക്കിയില്ലെങ്കിലും പൊതുതാൽപ്പര്യത്തിൻ്റെ അടിസ്ഥാനത്തിൽ റിസർവ് ബാങ്കിനെ അറിയിച്ച് ജില്ലാ ബാങ്കുകളെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്നും സഹകരണ നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. കേരള സംസ്ഥാന സഹകരണ നിയമത്തിൽ 74 എച്ച് വകുപ്പ് കൂട്ടിച്ചേർത്തത് വഴി ആർബിഐയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ തന്നെ കേരള ബാങ്കിന് ജില്ലാ ബാങ്കുകളെ ലയിപ്പിക്കാം. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com