'നാടു മൊത്തം നടുങ്ങിയിരിക്കുകയാണ്'; വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാര്‍

ആന ഇതുവരെ കാടുകയറിയിട്ടില്ല, വനം വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടിയുണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു
'നാടു മൊത്തം നടുങ്ങിയിരിക്കുകയാണ്'; വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാര്‍

വയനാട്: വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹരം വേണമെന്ന് നാട്ടുകാര്‍. വയനാട് പടമല സ്വദേശി അജീഷിന്റെ മരണത്തിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാകുന്നത്. നാട് മൊത്തം നടുങ്ങിയിരിക്കുകയാണ്. ആന ഇതുവരെ കാടുകയറിയിട്ടില്ല. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടിയുണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

'എല്ലാ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്ന് നാട്ടുകാരുമായി സഹകരിച്ചിരുന്ന വ്യക്തിയായിരുന്നു അജീഷ്. എന്തുകാര്യമുണ്ടെങ്കിലും രാത്രിയോ പകലെന്നോ നോക്കാതെ ഓടി വരുമായിരുന്നു. ആനയെ അങ്ങോട്ട് മാറ്റി ഇങ്ങോട്ട് മാറ്റി എന്നൊക്കെ വനംവകുപ്പ് പറയുന്നു. ഇതിനൊരു പരിഹാരം ഇതുവരെ കണ്ടിട്ടില്ല. കാട്ടാന എവിടെയാണെന്ന് അവര്‍ക്ക് അറിയില്ല. ഭൂപ്രകൃതിയെ കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ല. ഞങ്ങളെ ഒട്ട് അടിപ്പിക്കുകയുമില്ല. ആന ഇതുവരെ കാടുകയറി പോയിട്ടില്ല. രാത്രി പത്ത് മണിക്ക് വരെ കാട്ടാനയെ ചാലിഗദ്ദയില്‍ കണ്ടതാണ്', പ്രദേശവാസികള്‍ പ്രതികരിച്ചു.

പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജീഷാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടകയില്‍ നിന്ന് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ തുറന്നു വിട്ട കാട്ടാനയാണ് ഇയാളെ ആക്രമിച്ചത്. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

പടമലയിലെ വീട്ടിലെത്തിച്ച അജീഷിന്റെ മൃതദേഹം ഇന്ന് വൈകിട്ടോടെ സംസ്‌കരിക്കും. ഇന്നലെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍വകക്ഷിയോഗം അംഗീകരിച്ചതിന് പിന്നാലെയാണ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടന്നത്. രാത്രി വീട്ടിലെത്തിച്ച അജീഷിന്റെ ഭൗതികശരീരം കാണാനായി നിരവധി പേരാണ് എത്തിയത്. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം ഇന്ന് വൈകിട്ടോടെ പടമല സെന്റ് അല്‍ഫോണ്‍സ് ദേവാലയ പള്ളി സെമിത്തേരിയില്‍ അജീഷിന്റെ മൃതദേഹം സംസ്‌കരിക്കും.

റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയെ മയക്കു വെടി വെച്ചു പിടികൂടാനുള്ള ശ്രമം ഇരുട്ടായതിനാല്‍ ഇന്നലെ വനം വകുപ്പ് ഉപേക്ഷിച്ചിരുന്നു. റേഡിയോ കോളര്‍ സിഗ്‌നല്‍ ലൊക്കേറ്റ് ചെയ്ത സമയത്ത് പടമലക്കുന്നിന് മുകളില്‍ ആയിരുന്നു കാട്ടാനയുടെ സിഗ്‌നല്‍ അവസാനമായി ലഭിച്ചത്. രാത്രി വനം വകുപ്പ് ജീവനക്കാര്‍ പ്രദേശത്ത് ആനയെ നിരീക്ഷിക്കാനായി ക്യാമ്പ് ചെയ്തിരുന്നു. രാവിലെ ആനയുടെ ലൊക്കേഷന്‍ സിഗ്‌നല്‍ ലഭിച്ചാല്‍ ഉടന്‍ മയക്കുവെടി വെച്ചു പിടികൂടാനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് ആരംഭിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com