സിഎംആര്‍എല്‍ മാസപ്പടി വിവാദം: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എസ്എഫ്‌ഐഒ നീക്കം

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തിയേക്കും
സിഎംആര്‍എല്‍ മാസപ്പടി വിവാദം: അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എസ്എഫ്‌ഐഒ നീക്കം

തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന്റെ നീക്കം. സിഎംആര്‍എല്ലിലും കെഎസ്‌ഐഡിസിയിലും പരിശോധന നടത്തിയ സംഘം മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തിയേക്കും. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക് കമ്പനി നിയമവിരുദ്ധമായി പണം കൈപ്പറ്റിയതാണ് എസ്എഫ്‌ഐഒ പരിശോധിക്കുന്നത്.

സിഎംആര്‍എല്ലില്‍ നിന്നും ആദായ നികുതി വകുപ്പില്‍ നിന്നും രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. 1.72 കോടി രൂപയാണ് വീണയുടെ കമ്പനി സിഎംആര്‍എല്ലില്‍ നിന്നും കൈപ്പറ്റിയത്. സേവനം നല്‍കാതെ പണം കൈപ്പറ്റിയത് അഴിമതിയായി വിലയിരുത്തുകയാണ് കേന്ദ്ര ഏജന്‍സികള്‍. കെഎസ്‌ഐഡിസിയിലെ പരിശോധന കഴിഞ്ഞ് ബംഗളൂരുവിലേക്ക് തിരിച്ച എസ്എഫ്‌ഐഒ സംഘം ഏറെ വൈകാതെ വീണയുടെ മൊഴി രേഖപ്പെടുത്തിയേക്കും എന്നാണ് സൂചന. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

സിഎംആര്‍എല്ലിന്റെ ആലുവയിലെ കോര്‍പ്പറേറ്റ് ഓഫീസിലും കെഎസ്‌ഐഡിസിയുടെ തിരുവനന്തപുരത്തെ ഓഫീസിലും എസ്എഫ്‌ഐഒ സംഘം പരിശോധന നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് കെഎസ്‌ഐഡിസിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധന ആരംഭിച്ചത്. ഇതിനിടെ പരിശോധന തടയണമെന്ന കെഎസ്‌ഐഡിസിയുടെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്തു. ഹര്‍ജിയില്‍ കോര്‍പ്പറേറ്റ് മന്ത്രാലയത്തോട് വിശദീകരണവും തേടിയിട്ടുണ്ട്.

സിഎംആര്‍എല്ലിന്റെ ആലുവയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ എസ്എഫ്ഐഒ രണ്ട് ദിവസം പരിശോധന നടത്തിയിരുന്നു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ കൂടുതല്‍ വ്യക്തത തേടിയേക്കുമെന്നാണ് സൂചന. ഇതിനായി ആദായ നികുതി വകുപ്പില്‍ നിന്ന് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com