ശിവരാമന്റെ മരണം: ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി കാണുന്നില്ലെന്ന് റീജണൽ പിഎഫ് കമ്മീഷണർ

പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെയാണ് തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ പിഎഫ് ഓഫീസിലെത്തി വിഷം കഴിച്ചത്

dot image

കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ച ശിവരാമന്റെ മരണത്തിൽ പ്രതികരിച്ച് റീജണൽ പി എഫ് കമ്മീഷണർ രോഹിത്ത് ശ്രീകുമാർ. ശിവരാമന് പിഎഫ് ലഭിക്കാതിരുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായതായി കാണുന്നില്ലെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. 2019 ൽ ശിവരാമൻ പി എഫ് ആവശ്യപെട്ടിരുന്നു. ജനന തീയതി തിരുത്തൽ ഉണ്ടായിയുന്നതിനാൽ അതിനുള്ള രേഖകൾ ആവശ്യപ്പെട്ടിരുന്നു. അതിനു ശേഷം പിഎഫ് ആവിശ്യപ്പെട്ടുകൊണ്ടുള്ള ശിവരാമന്റെ അപേക്ഷയൊന്നും ലഭിച്ചിട്ടില്ല. എല്ലാ രേഖകളും വിശദമായി പരിശോധിച്ചു. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച ഉണ്ടായതായി കാണുന്നില്ല. ഇന്നലെ ഓഫീസിൽ എത്തിയ ശിവരാമൻ ഉദ്യോഗസ്ഥരെ ആരെയും കണ്ടില്ലെന്നും സംഭവത്തിൽ ആഭ്യന്തര അന്വേഷണം ഉണ്ടാകുമെന്നും രോഹിത്ത് ശ്രീകുമാർ പറഞ്ഞു.

പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെയാണ് തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ(68) പിഎഫ് ഓഫീസിലെത്തി വിഷം കഴിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായിരുന്നു ശിവരാമൻ. ശിവരാമന്റെ മരണത്തിന് ഉത്തരവാദി പിഎഫ് ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നാണ് ശിവരാമന്റെ സഹോദരീ ഭർത്താവ് സുകുമാരൻ ഉയർത്തുന്ന ആരോപണം. എൺപതിനായിരം രൂപയാണ് കിട്ടാനുണ്ടായിരുന്നത്.

പിഎഫിനായി പല തവണ കയറിയിറങ്ങിയെന്നും ആവശ്യപ്പെട്ട രേഖകൾ എല്ലാം കൊടുത്തിട്ടും നീതി നിഷേധിച്ചുവെന്നും സുകുമാരൻ ആരോപിച്ചിരുന്നു. ഇനിയാർക്കും ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകരുതെന്നും സഹോദരി ഭർത്താവ് പറഞ്ഞു. ശിവരാമൻ ക്യാൻസർ രോഗിയായിരുന്നു. പെരാമ്പ്ര അപ്പോളോ ടയേഴ്സിൽ കരാർ തൊഴിലാളിയായിരുന്നു. വിരമിച്ച് ഒമ്പത് കൊല്ലമായിട്ടും ശിവരാമന് ഇതുവരെ പിഎഫ് വിഹിതം നൽകിയിരുന്നില്ല.

dot image
To advertise here,contact us
dot image