ആലത്തൂർ തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫ്;  യുഡിഎഫ് രമ്യയെ തന്നെ ഇറക്കും

ആലത്തൂർ തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫ്; യുഡിഎഫ് രമ്യയെ തന്നെ ഇറക്കും

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി എ കെ ബാലന്‍, മുന്‍ ലോക്സഭാംഗം എസ് അജയകുമാര്‍, തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ വാസു എന്നീ പേരുകള്‍ക്കാണ് സാധ്യ

മണ്ഡലം രൂപീകരിച്ച കാലം മുതല്‍ ചുവന്ന ആലത്തൂരില്‍ നിന്നും അട്ടിമറി വിജയം നേടിയാണ് രമ്യാ ഹരിദാസ് കഴിഞ്ഞ തവണ ലോക്സഭയിലേക്കെത്തിയത്. യുഡിഎഫ് പാളയത്തെ പോലും ഞെട്ടിച്ച ഭൂരിപക്ഷം രമ്യ പെട്ടിയിലാക്കി. കൈവിട്ട സംവരണമണ്ഡലം ഏത് വിധേനയും തിരിച്ചുപിടിക്കാനുള്ള പ്ലാന്‍ എല്‍ഡിഎഫില്‍ ഒരുക്കുമ്പോള്‍, 20-20 വിജയ ലക്ഷ്യത്തില്‍ നിന്നും യുഡിഎഫിന് ഒരടി പിന്നോട്ട് പോകാനാകില്ല.

പുതുമുഖമായി മണ്ഡലത്തിലെത്തി ലോക്സഭയിലേക്ക് പോയ രമ്യാ ഹരിദാസ് വീണ്ടും ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. കണ്ണൂര്‍, ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളില്‍ സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കട്ടെയെന്നും സിറ്റിംഗ് എംപിമാര്‍ക്കെല്ലാം വിജയ സാധ്യതയുണ്ടെന്നുമുള്ള യുഡിഎഫ് വിലയിരുത്തലിലാണ് രമ്യക്ക് സാധ്യത തെളിയുന്നത്. 2019 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി കെ ബിജുവിനെക്കാള്‍ 16 ശതമാനം വോട്ട് നല്‍കിയായിരുന്നു ആലത്തൂരില്‍ രമ്യാ ഹരിദാസ് വിജയിച്ചത്.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രി എ കെ ബാലന്‍, മുന്‍ ലോക്സഭാംഗം എസ് അജയകുമാര്‍, തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ വാസു എന്നീ പേരുകള്‍ക്കാണ് സാധ്യത. 2009 ലും 2014 ലും ആലത്തൂര്‍ എംപിയായിരുന്ന പി കെ ബിജുവിന്റെ പേര് എല്‍ഡിഎഫ് പാളയത്തില്‍ നിന്നും തുടക്കത്തില്‍ ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഒരു വിഭാഗത്തിന്റെ എതിര്‍പ്പും കഴിഞ്ഞ തവണത്തെ പരാജയവും കണക്കിലെതുത്ത് സ്വീകാര്യനായ പ്രമുഖ നേതാവിനെ രംഗത്തിറക്കാനാണ് എല്‍ഡിഎഫ് ആലോചന.

പാലക്കാട് ജില്ലയിലെ തരൂര്‍, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍ നതൃശ്ശൂര്‍ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് ആലത്തൂര്‍ ലോക്സഭാ മണ്ഡലം. പൊതുവില്‍ ഈ മണ്ഡലങ്ങളിലെല്ലാം ഇടതുപക്ഷത്തിന് മേല്‍കൈ ഉണ്ടായിട്ടും 1, 58,968 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യാ ഹരിദാസ് പാട്ടുപാടി മണ്ഡലം പിടിച്ചത് സിപിഐഎം പാളയത്തെ ഞെട്ടിച്ചിരുന്നു. 2009 ല്‍ 3,87352 വോട്ടും 2014 ല്‍ 4,11,808 വോട്ടും നേടിയ പി കെ ബിജുവിനെ കഴിഞ്ഞ തവണ 3,74,847 വോട്ടുകളായിരുന്നു ലഭിച്ചത്.

ആലത്തൂർ തിരിച്ചു പിടിക്കാന്‍ എല്‍ഡിഎഫ്;  യുഡിഎഫ് രമ്യയെ തന്നെ ഇറക്കും
പൊന്നാനി പിടിച്ചെടുക്കാന്‍ സിപിഐഎം; മുസ്ലിം ലീഗ് പരിഗണനയില്‍ സമദാനിയും

തുടര്‍ഭരണത്തിലെ എല്‍ഡിഎഫ് പോരായ്മകളും എംപിയെന്ന നിലയില്‍ രമ്യാ ഹരിദാസ് മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളും പ്രചാരണായുധമാക്കാനാണ് യുഡിഎഫ് ശ്രമം. എന്നാല്‍ കഴിഞ്ഞ തവണ കൈവിട്ടുപോയ ഇടതുകോട്ട എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കാനുള്ള ആലോചനകളാണ് എല്‍ഡിഎഫ് കേന്ദ്രത്തില്‍ നടക്കുന്നത്. കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടങ്ങിയ പോരായ്മകള്‍ ഉള്‍പ്പെടെ പരിഹരിച്ച് തുടക്കം മുതല്‍ പ്രചാരണരംഗത്ത് സജീവമാകാനാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍. ഇതിന് പുറമെ കഴിഞ്ഞ തവണ രമ്യയുടെ അക്കൗണ്ടിലേക്ക് പോയ ആംആദ്മി വോട്ട് പെട്ടിയിലാക്കാനുള്ള ശ്രമവും എല്‍ഡിഎഫ് നടത്തും.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ രേണു സുരേഷ് മത്സരിച്ചേക്കും. എന്നാല്‍ ബിഡിജെഎസ് സീറ്റ് വിട്ടുകൊടുക്കുമോയെന്നതില്‍ ധാരണയായിട്ടില്ല. കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ടി വി ബാബു 89,837 വോട്ടുകളായിരുന്നു നേടിയിരുന്നത്. എന്നാല്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷാജുമോന്‍ വട്ടേക്കാട്ട് 87,803 വോട്ടുകള്‍ നേടിയിരുന്നു. ഇതിനെ അപേക്ഷിച്ചുനോക്കുമ്പോള്‍ മണ്ഡലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ബിഡിജെഎസിന് സാധിച്ചിട്ടില്ലെന്നതില്‍ ബിജെപിക്ക് സീറ്റ് ആവശ്യപ്പെട്ടേക്കാനാണ് സാധ്യത.

logo
Reporter Live
www.reporterlive.com