'കേസുകൾ നിയന്ത്രിക്കുന്നത് ഉപജാപക സംഘം, വകുപ്പ് തീരുമാനിക്കുന്നത് ഏരിയ സെക്രട്ടറി'; വിഡി സതീശൻ

സിപിഐഎം നേതാക്കളുടെ ഇടപെടലിൽ പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തുന്നു
'കേസുകൾ നിയന്ത്രിക്കുന്നത് ഉപജാപക സംഘം, വകുപ്പ് തീരുമാനിക്കുന്നത് ഏരിയ സെക്രട്ടറി';  വിഡി സതീശൻ

കൊച്ചി: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയത്. എന്നാൽ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഒരേ രീതിയിലുളള എഫ്ഐആർ ആണ് എഴുതിയിട്ടുളളത്. കേരളത്തിൽ രണ്ട് നീതിയാണ് നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉളളതെന്നും വി ഡി സതീശൻ വിമർശിച്ചു.

സിപിഐഎം നേതാക്കളുടെ ഇടപെടലിൽ പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു. ഏരിയ സെക്രട്ടറി ആണോ ഇത് തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം കേസുകൾ നിയന്ത്രിക്കുന്നു. ആ ഉപജാപക സംഘമാണ് ഈ കേസുകളൊക്കെ നിയന്ത്രിക്കുന്നത്. കൊച്ചി പൊലീസ് കമ്മീഷണറെ കസേരയിൽ നിന്ന് മാറ്റി ഏരിയ സെക്രട്ടറിയെ ഇരുത്തിയാൽ മതി. ഏത് വകുപ്പി‌ടണമെന്ന് തീരുമാനിക്കുന്നത് ഏരിയ സെക്രട്ടറി അല്ലെ. എത്ര പരിതാപകരമായ അവസ്ഥയാണിതെന്നും വി ഡി സതീശൻ പറഞ്ഞു.

നവകേരള സദസ്സ് ആർഭാട സദസ്സാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. മന്ത്രി സജി ചെറിയാൻ ക്രൈസ്ത ബിഷപ്പുമാർക്കെതിരെ നടത്തിയ രൂക്ഷ വിമർശനത്തെ മുഖ്യമന്ത്രി ഇതുവരെ തളളിയില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയന്റെ പരാമർശം. ചില മന്ത്രിമാരെ വെച്ച് ആളുകളെ അധിക്ഷേപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

'കേസുകൾ നിയന്ത്രിക്കുന്നത് ഉപജാപക സംഘം, വകുപ്പ് തീരുമാനിക്കുന്നത് ഏരിയ സെക്രട്ടറി';  വിഡി സതീശൻ
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പുലർച്ചെ ജാമ്യം

കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കിയിരുന്നു. പൊലീസിന്റെ നടപടിയിലും പ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും കോൺ​ഗ്രസ് നേതാക്കൾ അടക്കം പാലാരിവട്ടം സ്റ്റേഷൻ ഉപരോധിച്ചിരുന്നു. ഹൈബി ഈഡൻ എംപിയുടേയും അൻവർ സാദത്ത് എംഎൽഎ, ഡിസിസി പ്രസിഡന്റ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. പുലർച്ചെ മൂന്നു മണി വരെ കോൺഗ്രസ്‌ പ്രവർത്തകരും നേതാക്കളും പാലാരിവട്ടം പൊലീസ് സ്റ്റേഷനു മുമ്പിൽ പ്രതിഷേധം തീർത്തു. ഇന്ന് പുലർച്ചെയാണ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്.

കരിങ്കൊടി കാണിച്ച ഏഴു യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തിയതാണ് കോൺഗ്രസ്‌ പ്രതിഷേധത്തിന് ഇടയാക്കിയത്. സ്റ്റേഷൻ ജാമ്യം നൽകാമെന്ന് പൊലീസ് ആദ്യം അറിയിച്ചെങ്കിലും പിന്നീട് സിപിഐഎം ഇടപെടലിനെ തുടർന്ന് നിലപാട് മാറ്റുകയായിരുന്നുവെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. കോൺഗ്രസ്‌ പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി പുലർച്ചെ ഒരുമണിയോടെയാണ് ഏഴു പ്രവർത്തകരെയും മജിസ്‌ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കിയത്. പോലീസിൻ്റെ ചാർജ് ഷീറ്റ് തള്ളി കോടതി ജാമ്യം കൊടുക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com