
മലപ്പുറം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നു എന്നാരോപിച്ച് നൽകിയ ഹർജിയിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന, ദേശീയ നേതാക്കൾക്ക് കോടതിയുടെ നോട്ടീസ്. മഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന മുഫസിർ നെല്ലിക്കുത്ത് നൽകിയ ഹർജി പരിഗണിച്ച് മഞ്ചേരി മുൻസിഫ് കോടതിയാണ് നോട്ടീസ് നൽകിയത്. യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റിനടക്കം നോട്ടീസ് അയയ്ക്കാൻ ആണ് മഞ്ചേരി മുൻസിഫ് കോടതിയുടെ ഉത്തരവ്.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ചിലർ കൃത്രിമ മാർഗങ്ങളിലൂടെ സ്ഥാനാർഥികളായി മത്സരിച്ചുവെന്ന് ആരോപിച്ച് തെളിവു സഹിതം കോടതിയെ സമീപിക്കുകയായിരുന്നു മുഫസിർ നെല്ലിക്കുത്ത്. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് പരാതി നൽകിയത്. മഞ്ചേരി ബ്ലോക്ക് പ്രസിഡന്റായി മത്സരിച്ച മുഫസിർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില് വ്യാപകമായി ക്രമക്കേട് നടന്നുവെന്ന് പരാതികൾ പുറത്തു വരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നും വ്യാജ തിരിച്ചറിയിൽ കാർഡ് നിർമ്മിച്ചു എന്നുമുള്ള വാർത്ത റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്നിരുന്നു. തുടർന്ന് ബിജെപിയും ഇടതുപക്ഷവും വിഷയം ഏറ്റെടുത്തു. പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകി. കേസില് അന്വേഷണം തുടരുകയാണ്.