കണ്ടല ബാങ്ക് മുൻ പ്രസിഡന്റ്‌ എൻ ഭാസുരാംഗനെയും മകനെയും ഇഡി അറസ്റ്റ് ചെയ്തു

റിപ്പോർട്ടർ ടിവിയുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തലവൻ ടി വി പ്രസാദാണ് കണ്ടല ബാങ്ക് തട്ടിപ്പിലെ വിവരങ്ങൾ പുറത്ത് കൊണ്ടുവന്നത്
കണ്ടല ബാങ്ക് മുൻ പ്രസിഡന്റ്‌ എൻ ഭാസുരാംഗനെയും മകനെയും ഇഡി അറസ്റ്റ് ചെയ്തു

കൊച്ചി: കണ്ടല ബാങ്ക് മുൻ പ്രസിഡന്റ്‌ എൻ ഭാസുരാംഗനെയും മകനെയും ഇഡി അറസ്റ്റ് ചെയ്തു. കൊച്ചി ഇ ഡി ഓഫീസിൽ 10 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു എൻ ഭാസുരാംഗന്റെയും മകൻ അഖിൽ ജിത്തിന്റെയും അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കും. റിപ്പോർട്ടർ ടിവിയുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തലവൻ ടി വി പ്രസാദാണ് കണ്ടല ബാങ്ക് തട്ടിപ്പിലെ വിവരങ്ങൾ പുറത്ത് കൊണ്ടുവന്നത്.

നേരത്തെയും ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്‌തിരുന്നു. ചോദ്യം ചെയ്യലുകൾക്ക് ഭാസുരാംഗൻ സഹകരിക്കുന്നില്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ഇഡി പറഞ്ഞിരുന്നു. ഭാസുരംഗന്റെ മകൾ അഭിമയിയെ അഞ്ച് മണിക്കൂറിലേറെ ഇഡി ചോദ്യം ചെയ്തിരുന്നു. 101 കോടി രൂപയുടെ ക്രമക്കേട് കണ്ടല ബാങ്കിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് ഭാസുരാംഗനെ ഇഡി നിരന്തരം ചോദ്യം ചെയ്തത്.

അതേസമയം ഭാസുരാംഗന്‍ രാജി വെച്ചതിന് പിന്നാലെ ചുമതല ഏറ്റെടുത്ത അഡ്മിനിസ്ട്രേറ്റർ കൈമാറിയ റിപ്പോർട്ട് റിപ്പോർട്ടറിന് ലഭിച്ചു. 100 കോടിയിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടും വെറും 27 കോടിയുടെ നഷ്ടം മാത്രമാണ് ബാങ്കിൽ രേഖപ്പെടുത്തിയതെന്ന് ജോയിൻ രജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഓഡിറ്റ് അട്ടിമറിച്ച ഭാസുരാംഗൻ ചിട്ടിയിലും വ്യാപക തിരിമറി നടത്തി എന്നും റിപ്പോർട്ട് പറയുന്നു. ഭരണസമിതി അംഗങ്ങളും ജീവനക്കാരും ലക്ഷങ്ങൾ കാർഷിക വായ്പയെടുത്ത് അവിടെ തന്നെ നിക്ഷേപിച്ചെന്നും റിപ്പോർട്ടിലുണ്ട്.

മുപ്പത് വർഷം പ്രസിഡണ്ടായിരുന്ന ബാങ്കിൽ നിന്ന് ഭാസുരാംഗനെ മാറ്റിയതിന് പിന്നാലെ ചുമതലയേറ്റെടുത്ത അഡ്മിനിസ്ട്രേറ്ററുടെ റിപ്പോർട്ടിൽ ഗുരുതര ക്രമക്കേടുകളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ബാങ്കിൽ നടന്നത് ഗുരുതരമായ ക്രമക്കേടുകളാണെന്നും നഷ്ടക്കണക്ക് വരെ കുറച്ച് കാണിച്ചെന്നും ഈ റിപ്പോർട്ട് പറയുന്നു.

കണ്ടല ബാങ്കിൽ നിക്ഷേപകർക്ക് ആകെ കൊടുക്കാനുള്ളത് 172 കോടി രൂപയാണ്. വായ്പ ഇനത്തിൽ ബാങ്കിന് കിട്ടാനുള്ളത് 68 കോടി രൂപ മാത്രം. ഈ വായ്പയിൽ തന്നെ പകുതിയിൽ അധികവും മൂല്യമില്ലാത്ത വസ്തു വെച്ച് തട്ടിയെടുത്തത്. ജില്ലാ ബാങ്കിന് കൊടുക്കാൻ 22 കോടി വേറെ. അങ്ങനെ ആകെ ബാങ്കിൽ ക്രമക്കേട് നടത്തിയതിനെ തുടർന്നുണ്ടായ നഷ്ടം 120 കോടിയിലേറെ രൂപയാണ്. എന്നാൽ ബാങ്കിൽ കാണിച്ചിരിക്കുന്ന നഷ്ടം വെറും 27 കോടി. 2019 2020 വർഷം വരെയുള്ള ഓഡിറ്റ് കണക്കുകൾ മാത്രമാണ് ബാങ്കിൽ ഉള്ളത്. ഓഡിറ്ററെ വെക്കാനുള്ള പണം ബാങ്ക് അടച്ചില്ല. മൂന്നുവർഷത്തെ ഓഡിറ്റ് നടന്നതുമില്ല. 2023 വരെയുള്ള കണക്കെടുത്താൽ ബാങ്കിൻറെ നഷ്ടം 150 കോടി കവിയും എന്ന കാര്യം ഉറപ്പാണ്. ഭാസുരാംഗനും ഭരണസമിതി അംഗങ്ങളും ജീവനക്കാരും കർഷകർക്ക് കൊടുക്കേണ്ട കാർഷിക വായ്പ 5 ലക്ഷം വരെയെടുത്ത് അവിടെത്തന്നെ സ്ഥിരനിക്ഷേപം നടത്തി ലക്ഷങ്ങൾ സമ്പാദിച്ചു. അനധികൃതമായി ബാങ്കിൽ തുടങ്ങിയ ചിട്ടികളിൽ ഭൂരിപക്ഷവും മതിയായ രേഖകൾ ഇല്ലാത്തതാണ്. ബാങ്കിൻറെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരം എന്നും അഡ്മിനിസ്ട്രേറ്റർ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com