എംവിഡി അന്യായമായി പിഴ ഈടാക്കുന്നു; ടൂറിസ്റ്റ് വാഹന ഉടമകളുടെ ഹര്ജി ഇന്ന് പരിഗണിക്കും

മുന്കൂര് ബുക്ക് ചെയ്ത യാത്രക്കാരുമായി സര്വ്വീസ് നടത്താന് റോബിന് ബസിന് കോടതി ഇടക്കാല ഉത്തരവില് അനുവാദം നല്കിയിരുന്നു

dot image

കൊച്ചി: മോട്ടോര് വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നുവെന്നാരോപിച്ച് ഓള് ഇന്ത്യാ ടൂറിസ്റ്റ് പെര്മിറ്റുള്ള വാഹന ഉടമകള് നല്കിയ ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 'റോബിന്' ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോര് അടക്കമുള്ളവര് നല്കിയ ഹര്ജിയാണ് പരിഗണിക്കുന്നത്. 2023 മെയില് നിലവില് വന്ന ഓള് ഇന്ത്യാ പെര്മിറ്റ് ചട്ടങ്ങള് പ്രകാരം, ഓരോ പോയിന്റിലും നിര്ത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവാദമുണ്ടെന്നും, പിഴ ഈടാക്കുന്ന മോട്ടോര് വാഹന വകുപ്പിന്റെ നടപടി നിയമവിരുദ്ധമാണെന്നുമാണ് ഹര്ജിക്കാരുടെ വാദം.

മുന്കൂര് ബുക്ക് ചെയ്ത യാത്രക്കാരുമായി സര്വ്വീസ് നടത്താന് റോബിന് ബസിന് കോടതി ഇടക്കാല ഉത്തരവില് അനുവാദം നല്കിയിരുന്നു. എന്നാല് നിയമ വിരുദ്ധത കണ്ടെത്തിയാല് സംസ്ഥാന മോട്ടോര് വാഹന വകുപ്പിന് നടപടി സ്വീകരിക്കാം. ബസ് പിടിച്ചെടുത്താല് വിട്ടുനല്കണമെന്നുമാണ് ഹൈക്കോടതി നിര്ദ്ദേശം.

അഖിലേന്ത്യാ പെര്മിറ്റിന്റെ ചുവടുപിടിച്ച് സ്റ്റേജ് കാരേജ് ബസ് സര്വീസ് നടത്തുന്നതിനെതിരെയാണ് മോട്ടോര് വാഹന വകുപ്പിന്റെ നടപടി. റോബിന് ബസിനെതിരെ തമിഴ്നാട് മോട്ടോര് വാഹന വകുപ്പും സമാന നടപടി സ്വീകരിച്ചിരുന്നു. ജസ്റ്റിസ് ദിനേശ് കുമാര് സിംഗ് അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്.

അതിര്ത്തിയിലെ പ്രവേശന നികുതി ചോദ്യം ചെയ്ത് സ്വകാര്യ ടൂറിസ്റ്റ് ബസുടമകള് നല്കിയ ഹര്ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഹര്ജിയില് കേരളവും തമിഴ്നാടും ഇന്ന് മറുപടി സത്യവാങ്മൂലം നല്കിയേക്കും.പ്രവേശന നികുതി ഈടാക്കുന്നതിന് നിലവില് സുപ്രിംകോടതിയുടെ വിലക്കുണ്ട്. എന്നാല് ഈ വിലക്ക് നീക്കണമെന്നും അതിര്ത്തി നികുതി പിരിക്കാന് അനുവദിക്കണമെന്നുമാണ് കേരളത്തിന്റെയും തമിഴ്നാടിന്റെയും ആവശ്യം.

dot image
To advertise here,contact us
dot image