
തിരുവനന്തപുരം: വ്യാജ ഐഡി കാർഡ് വിഷയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തട്ടെ. മുഖ്യമന്ത്രി അന്വേഷിക്കേണ്ട മറ്റു വിഷയങ്ങൾ ഇവിടെയുണ്ട്. അത് ആദ്യം അന്വേഷിക്കട്ടെ. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാത്രമല്ല അന്വേഷിക്കേണ്ടത്. സർക്കാർ അന്വേഷിക്കുന്നതിന് തങ്ങൾ എതിരല്ല. ഏത് അന്വേഷണവും നടക്കട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആദ്യം സർക്കാർ അന്വേഷിക്കട്ടെ അത് കഴിഞ്ഞിട്ട് പാർട്ടി അന്വേഷിക്കാം. എത്ര വലിയ നാടകം നടത്തിയാലും കേരളത്തിലെ 20 സീറ്റിലും യുഡിഎഫ് വിജയിക്കും. ഐഎൻടിയുസി ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം പുളിയന്മലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
നവകേരള സദസിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് നടത്തുന്നത് തിരഞ്ഞെടുപ്പ് പ്രചാരണമാണ്. ഉമ്മൻചാണ്ടി ജനസമ്പർക്ക പരിപാടി നടത്തിയപ്പോൾ രാഷ്ട്രീയം പറഞ്ഞിരുന്നില്ല. എന്നാൽ മുഖ്യമന്ത്രി നവകേരള യാത്ര നടത്തി രാഷ്ട്രീയം പറയുകയാണ്. കോൺഗ്രസിനെ വിമർശിക്കുന്നു. കഴിഞ്ഞതവണ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് നഷ്ടമായി. എന്നാൽ ഇത്തവണ മുഴുവൻ സീറ്റിലും യുഡിഎഫ് വിജയിക്കും നവകേരള യാത്ര 140 മണ്ഡലങ്ങളിലും എത്തുമ്പോൾ യുഡിഎഫിന് ഒരു അനുഗ്രഹമായി തീരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
മൂന്നുദിവസമായി ഇടുക്കി പുളിയൻ മലയിൽ നടന്നുവന്നിരുന്ന ഐഎൻടിയുസി ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തിലും പ്രകടനത്തിലും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉൾപ്പെടെയുള്ള നേതാക്കന്മാരും പരിപാടിയിൽ പങ്കെടുത്തു.