
മലപ്പുറം: മുന്നണി മാറില്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ്. മുന്നണി മാറാതിരിക്കാൻ ലീഗിന് ആയിരം കാരണങ്ങളുണ്ട്. ലീഗിന്റെ അജണ്ട യുഡിഎഫിനെ ശക്തിപ്പെടുത്തലാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലീഗ് മുന്നണി വിടുമെന്ന് പ്രതീക്ഷിച്ച് ആരെങ്കിലും വെള്ളം തിളപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഇറക്കി വെക്കുന്നതാണ് നല്ലതെന്നും സാദിദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിൽക്കലൂടെ പോകേണ്ട ആവശ്യം ലീഗിനില്ല. വയനാട് മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ ക്യാംപിലാണ് സാദിദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. കേരളാ ബാങ്ക് വിഷയത്തിൽ സാദിഖലി തങ്ങൾക്കും അതൃപ്തിയെന്നാണ് ലഭിക്കുന്ന സൂചന. തങ്ങളുടെ പ്രസ്താവനക്ക് കാരണമായത് ഈ അതൃപ്തിയാണെന്നുമാണ് വിവരം. എന്നാൽ ലീഗിനെ ഇതുവരെ എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ പ്രതികരിച്ചു.
കേരള ബാങ്ക് ഭരണസമിതിയിൽ മുസ്ലിം ലീഗ് എംഎൽഎ പി അബ്ദുൽ ഹമീദ് അംഗമായതിൽ ലീഗിനുള്ളിൽ തന്നെ അതൃപ്തി നിലനിൽക്കുന്നുണ്ട്. നേതൃത്വം ന്യായീകരിക്കുമ്പോഴും മുസ്ലിം ലീഗിന്റെ സാമൂഹമാധ്യമ കൂട്ടായ്മകളിലടക്കം വിമർശനം ശക്തമാണ്. ലീഗിനെ ഇടതുപക്ഷവുമായി അടുപ്പിക്കാനുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ നീക്കമായി വിലയിരുത്തുന്നവരുമുണ്ട്. കേരള ബാങ്ക് ഭരണസമിതിയിൽ മുസ്ലിം ലീഗ് എംഎൽഎയെ ഉള്പ്പെടുത്തിയ ലീഗിന്റെ നിലപാടിൽ കോണ്ഗ്രസ് നേതൃത്വവും അതൃപ്തിയിലാണ്.
സിപിഐഎമ്മിന്റെ ഏക സിവിൽ കോഡ് വിഷയത്തിലെ സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചത് മുതൽ ഇടതുമുന്നണിയിലേക്കാണോ ലീഗെന്ന ചോദ്യം ഉയരുന്നുണ്ട്. യുഡിഎഫിൽ തന്നെ തുടരുമെന്ന് ലീഗ് അറിയിച്ചതോടെ ആ ചർച്ച താത്കാലികമായി കെട്ടടങ്ങിയെങ്കിലും പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന ഇ ടി മുഹമ്മദ് ബഷീർ എം പിയുടെ പരാമർശം ഈ ചർച്ചകൾ വീണ്ടും സജീവമാക്കി.
പലസ്തീൻ ഐക്യദാർഢ്യറാലിയിലേക്കും സിപിഐഎം ക്ഷണിച്ചെങ്കിലും ലീഗ് പങ്കെടുത്തില്ല. എന്നാൾ ഇതിന് പിന്നാലെയാണ് കേരള ബാങ്ക് ഭരണസമിതിയിൽ മുസ്ലിം ലീഗ് എംഎൽഎ അംഗമായത്. ഇതോടെ ലീഗിന്റെ മുന്നണി മാറ്റമെന്ന ചർച്ച വീണ്ടും ഉയർന്നിരിക്കുകയാണ്.