
തിരുവനന്തപുരം: കേരളത്തിലേക്ക് വരാനൊരുങ്ങി രാജ്യത്തെ പ്രധാനപ്പെട്ട ഇരുപതോളം പ്രധാനപ്പെട്ട വിദ്യാഭ്യാസ ഗ്രൂപ്പുകള്. സ്വകാര്യ സര്വകലാശാല തുടങ്ങാനുള്ള സംസ്ഥാന സര്ക്കാര് പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രധാന ഗ്രൂപ്പുകള് കേരളത്തിലേക്ക് വരാനുള്ള ശ്രമങ്ങള് ആരംഭിച്ചത്.
മണിപ്പാല് അക്കാദമി, അമൃത, ജെയിന്, സിംബയോസിസ്, അമിറ്റി, അസിം പ്രേംജി, ബെംഗളൂരുവിലെ ക്രൈസ്റ്റ് കോളേജ് എന്നീ ഗ്രൂപ്പുകളാണ് സംസ്ഥാനത്തിലേക്ക് വരാന് പദ്ധതിയിടുന്നവര്. വന്കിട ഗ്രൂപ്പുകള് എല്ലാവരും സംസ്ഥാനത്ത് സ്ഥലം കണ്ടെത്താനുള്ള നീക്കങ്ങള് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ സര്വകലാശാലകളുടെ നേതൃത്വം വഹിക്കാന് വിരമിച്ച വൈസ് ചാന്സലര്മാരെ ചില സ്ഥാപനങ്ങള് സമീപിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ ഗ്രൂപ്പുകള് കൂടാതെ സംസ്ഥാനത്ത് എയ്ഡഡ് കോളേജുകള് നടത്തുന്ന കോര്പ്പറേറ്റ്-സാമുദായിക മാനേജ്മെന്റുകളും സര്ക്കാരിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അടുത്ത നിയമസഭാസമ്മേളനത്തില് സ്വകാര്യ സര്വകലാശാലയ്ക്കു വേണ്ടിയുള്ള നിയമനിര്മ്മാണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഉന്നത വിദ്യാഭ്യാസവകുപ്പ്. സാമൂഹികനീതി ഉറപ്പാക്കുമെന്ന് സര്ക്കാര് വ്യക്തമാക്കിയതിനാല് മറ്റു സംസ്ഥാനങ്ങളില് നിന്ന് വ്യത്യസ്തമായി സംസ്ഥാനത്ത് സംവരണം നടപ്പാവും. അതിനുള്ള വ്യവസ്ഥകളും ഏര്പ്പെടുത്തും.
നേരത്തെ രാജഗിരി, മാര് ഇവാനിയോസ് തുടങ്ങിയ സ്ഥാപനങ്ങള് കല്പിത സര്വകലാശാലാ പദവിക്ക് അപേക്ഷിച്ചിരുന്നു. എന്നാല് ശ്യാം ബി മേനോന് കമ്മിഷന് ശുപാര്ശയനുസരിച്ച് കല്പിതം വേണ്ട, സ്വകാര്യ സര്വകലാശാല മതിയെന്ന് സര്ക്കാര് തീരുമാനിക്കുകയായിരുന്നു. ബില് പാസായാല് അപേക്ഷ സ്വീകരിക്കല്, അനുമതി, ഭൂമി ഏറ്റെടുക്കല് ഉള്പ്പെടെയുള്ള നടപടിക്രമങ്ങള് പൂര്ത്തിയാക്കി അടുത്ത ഒരു വര്ഷത്തിനുള്ളില് സ്വകാര്യ സര്വകലാശാല പ്രവര്ത്തനം ആരംഭിക്കാമെന്നാണ് കരുതുന്നത്.