
കോഴിക്കോട്: നവകേരള സദസ് ആളെ പറ്റിക്കാനുള്ള യാത്രയെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവും എം പിയുമായ കെ മുരളീധരൻ. ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഓൺ ദ സ്പോട്ട് പരാതി പരിഹരിച്ചിരുന്നു. എന്നാൽ നവ കേരള സദസ് സിപിഐഎമ്മിന്റെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റി. സർക്കാർ പരിപാടിയാണെങ്കിൽ പി കെ ശ്രീമതിയും ഇ പി ജയരാജനും എം വി ഗോവിന്ദനും എന്തിന് വന്നുവെന്നും മുരളീധരൻ ചോദിച്ചു.
സർക്കാർ ചെലവിൽ മുഖ്യ പ്രതിപക്ഷത്തെ തന്തയ്ക്ക് വിളിക്കുന്ന വേദിയാക്കി നവ കേരള സദസ് മാറി. മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും അകറ്റാൻ പറ്റില്ല. കേരള കോൺഗ്രസിനെ കിട്ടിയതുപോലെ തലകുത്തി നിന്നാലും ലീഗിനെ കിട്ടില്ല. കേരള ബാങ്ക് വിഷയം -തർക്കങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കും. ബാങ്ക് ബോർഡിലേക്ക് നോമിനേറ്റ് ചെയ്തു, അതുകൊണ്ടുതന്നെ ലീഗ് സ്ഥാനം ഏറ്റെടുത്തു. അത് വിവാദമാക്കേണ്ടതില്ല.
മുഖ്യമന്ത്രിക്കൊപ്പം നവകേരള സദസില്‍ പാലം ഇട്ടാൽ അതിൽ മാർക്സിസ്റ്റുകാർ മാത്രം കയറും. രണ്ടര വർഷം കഴിഞ്ഞാൽ എൽഡിഎഫിന്റെ കപ്പൽ മുങ്ങിപ്പോകും. യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ പ്രശ്നങ്ങളില്ല. തിരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നു. യൂത്ത് കോൺഗ്രസ് ശക്തിപ്പെടുന്നതിൽ ബിജെപിക്കും ഡിവൈഎഫ്ഐയ്ക്കും ഹാലിളകുന്നു. ആ കുട്ടികളെ വെറുതെ വിട്ടേക്കൂവെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.