
തിരുവനന്തപുരം: ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ എല്ലാ സ്കൂളുകളിലും ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ രൂപവത്കരിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻവാങ്ങുന്നു. നവംബർ 30 നകം മുഴുവൻ സ്കൂളുകളിലും ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കണമെന്ന പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സർക്കുലർ റദ്ദാക്കി. ഈ മാസം 15 ന് പുറത്തിറക്കിയ സർക്കുലറാണ് പൊതു വിദ്യഭ്യാസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ് റദ്ദാക്കിയത്.
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാർ പിന്മാറി ഇതിൻ്റെ ബാധ്യതകൾ അധ്യാപകർക്ക് മേൽ അടിച്ചേൽപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയർന്നിരുന്നു. ഉച്ച ഭക്ഷണ പദ്ധതി നടത്തിപ്പിന് കേന്ദ്ര സർക്കാർ നൽകേണ്ട പണം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക തലത്തിൽ ഉച്ച ഭക്ഷണ സംരക്ഷണ സമിതികൾ രൂപീകരിച്ച് പദ്ധതി മുന്നോട്ട് കൊണ്ടു പോകാൻ സർക്കാർ നീക്കം നടത്തിയത്.
വാര്ഡ് മെമ്പര് രക്ഷാധികാരിയും പ്രധാന അധ്യാപകന് കണ്വീനറുമായി നവംബര് 30 നകം ഉച്ചഭക്ഷണ സമിതി രൂപീകരിക്കാനായിരുന്നു നിര്ദേശം. പിടിഎ പ്രസിഡന്റ്, മാനേജര്, പൂര്വ്വ വിദ്യാര്ത്ഥി സംഘടനാ പ്രതിനിധി അടക്കം എട്ട് പേര് അംഗങ്ങള്. ഫണ്ട് ലഭിക്കുന്നതില് കാലതാമസം ഉണ്ടായാല് ഭക്ഷണം കൊടുക്കാനാണ് സമിതിയെന്ന് പറയുന്നതാണ് സര്ക്കുലര്.
രക്ഷിതാക്കള്, പൂര്വ്വ വിദ്യാര്ത്ഥികള്, പൗര പ്രമുഖര് എന്നിവരില് നിന്നും പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും സിഎസ്എ ഫണ്ടുകള് ലഭ്യമാക്കണമെന്നും നിര്ദേശമുണ്ടായിരുന്നു. ഫണ്ട് ലഭ്യമാവുന്ന മുറയ്ക്ക് സമിതിക്ക് പ്രധാന അധ്യാപകന് പണം തിരിച്ചു നല്കുന്ന തരത്തില് ക്രമീകരിക്കാനായിരുന്നു തീരുമാനം.