
കാസർകോട്: നവ കേരള സദസ്സിനായി കാസർകോട് ജില്ല പൂർണ്ണ സജ്ജം. ഇന്ന് വൈകിട്ട് 3.30 ന് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിലാണ് പരിപാടിയുടെ ഉദ്ഘാടനം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസിക്കാൻ വേണ്ട സൗകര്യങ്ങളും ജില്ലയിൽ പൂർത്തിയായി. ഓരോ നിയോജക മണ്ഡലത്തിലും ആദ്യ മണിക്കൂർ സർക്കാർ നടപ്പാക്കിയ പദ്ധതികളും നടപ്പാക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിക്കും. ഉദ്ഘാടന വേദിയായ പൈവളികെയിലേക്ക് നടത്തിയ വിളംബര ഘോഷയാത്രയിൽ ജില്ലാ ഭരണകൂടം ഉൾപ്പെടെ നിരവധി ആളുകൾ പങ്കെടുത്തു.
ആദ്യമായാണ് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ജനങ്ങളോട് സംവദിക്കാൻ മണ്ഡലങ്ങളിലേക്ക് നേരിട്ട് എത്തുന്നത്. കാസർഗോഡ് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ ഗവൺമെൻറ് ഹയർ സെക്രട്ടറി സ്കൂൾ മൈതാനിയിലാണ് നവകേരള സദസിന് തുടക്കം കുറിക്കുക. 'നവ കേരളത്തിനായി ഒത്തുചേരാം സംവദിക്കാം' എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി.
റസ്റ്റ് ഹൗസിലും ഗസ്റ്റ് ഹൗസിലും സ്വകാര്യ ഹോട്ടലുകളിലും ആയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ താമസിക്കുക. പ്രത്യേകം സജ്ജീകരിച്ച ബസിലാണ് ഇവർ ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്.
നാളെ കാസർഗോഡ് , ഉദുമ , കാഞ്ഞങ്ങാട് , തൃക്കരിപ്പൂർ എന്നീ നാല് മണ്ഡലങ്ങളിൽ ആണ് പര്യടനം. പൊതു ജനങ്ങളുടെ പരാതി പരിഹരിക്കാൻ വിപുലമായ സൗകര്യങ്ങളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. മൂന്നാം ദിനം തിങ്കളാഴ്ച കണ്ണൂർ ജില്ലയിലേക്ക് പര്യടനം പ്രവേശിക്കും.
140 നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ഡിസംബർ 24 ന് തിരുവനന്തപുരത്താണ് നവ കേരള സദസ്സിന്റെ സമാപനം. ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പൈവളിഗെയിൽ സംഘടിപ്പിച്ച വിളംബര ഘോഷയാത്രയെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.