
കാസർകോട്: സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിൽ പൊതുജനങ്ങളുടെ പരാതികള് സ്വീകരിച്ച് തുടങ്ങി. മഞ്ചേശ്വരം മണ്ഡലത്തിലെ പരാതി കൗണ്ടർ പ്രവർത്തനം ആരംഭിച്ചു. 45 ദിവസത്തിനകം പരാതി പരിഹാരമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. പൈവളികെയിൽ ഇതിനായി ഒരുക്കിയിരിക്കുന്നത് ഏഴ് കൗണ്ടറുകളാണ്. സ്ത്രീകൾ ഭിന്നശേഷിക്കാർ മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളുമുണ്ട്. സജ്ജീകരണങ്ങൾ പൂർത്തിയായതായി കാസർകോട് ആർഡിഒ അതുൽ സ്വാമിനാഥൻ അറിയിച്ചു.
നവകേരള സദസ്സിന് അൽപസമയത്തിനകം തുടക്കമാകും. പൈവളികെയിൽ വൈകിട്ട് 3.30 ന് പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കാസർകോട്ടെ നാലു മണ്ഡലങ്ങളിൽ ഞായറാഴ്ച മണ്ഡലസദസ് നടക്കും. കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിലാണ് ഞായറാഴ്ച പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം അതത് മണ്ഡലങ്ങളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടർന്നാണ് ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്.
ഓരോ മണ്ഡലങ്ങളിലും പരാതികൾ സ്വീകരിക്കാൻ പ്രത്യേകം സംവിധാനം ഉണ്ട്. സുരക്ഷ കണക്കിലെടുത്ത് സദസ്സ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രത്യേകം പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിലെ 140 മണ്ഡലങ്ങളിലും നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. സ്വാതന്ത്ര്യ സമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, കലാകാരൻമാർ, സെലിബ്രിറ്റികൾ, അവാർഡ് ജേതാക്കൾ എന്നിങ്ങനെ നിരവധി ആളുകൾ നവ കേരള സദസ്സിന്റെ ഭാഗമാകും. രാവിലെ 11 മണി, ഉച്ചയ്ക്ക് ശേഷം 3, 4.30, വൈകിട്ട് 6 മണി എന്നിങ്ങനെയാണ് ദിവസവും നാല് മണ്ഡലങ്ങളിലെ സദസ് നടക്കുക.