
തിരുവനന്തപുരം: സംസ്ഥാന സര്ക്കാരിന്റെ നവ കേരള സദസ് പരിപാടിക്ക് സ്കൂള് ബസ് വിട്ടു നല്കണമെന്ന കത്തില് ഭേദഗതി. 'കുട്ടികളുടെ യാത്രയ്ക്ക് അസൗകര്യമില്ലാത്ത വിധത്തില് ബസ് നല്കാം' എന്ന വ്യവസ്ഥ കൂടി ഉള്പ്പെടുത്തി കത്ത് പരിഷ്കരിച്ചു. ഈ കത്ത് സ്കൂള് പ്രഥമാധ്യാപകര്ക്ക് കൈമാറി. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടേതാണ് നടപടി.
പൊതുജനങ്ങള്ക്ക് പരിപാടിയില് പങ്കെടുക്കാനുള്ള സൗകര്യത്തിന് സംഘാടകര് ആവശ്യപ്പെട്ടാല് ബസുകള് വിട്ടുനല്കാം എന്നായിരുന്നു പൊതു വിഭ്യാഭ്യാസ ഡയറക്ടര് അറിയിച്ചത്. ഇതിലാണ് ഇപ്പോള് ഭേദഗതി വരുത്തിയിരിക്കുന്നത്. ഇന്ധനചെലവും ഡ്രൈവറും ബാറ്റയും സംഘാടകര് നല്കണമെന്ന് അറിയിച്ചിരുന്നു.
കാസര്കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര് എന്നീ മണ്ഡലങ്ങളില് ഞായറാഴ്ചയാണ് പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടര്ന്നാണ് ജനങ്ങള്ക്ക് മുന്നിലേക്ക് എത്തുന്നത്. ഓരോ മണ്ഡലങ്ങളിലും പരാതികള് സ്വീകരിക്കാന് പ്രത്യേകം സംവിധാനം ഉണ്ട്. സുരക്ഷ കണക്കിലെടുത്ത് സദസ്സ് നടക്കുന്ന മണ്ഡലങ്ങളില് പ്രത്യേകം പൊലീസ് സേനയെയും വിന്യസിച്ചു.
കേരളത്തിലെ 140 മണ്ഡലങ്ങളിലും നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. സ്വാതന്ത്ര്യ സമര സേനാനികള്, വിവിധ മേഖലകളിലെ പ്രമുഖര്, കലാകാരന്മാര്, സെലിബ്രിറ്റികള്, അവാര്ഡ് ജേതാക്കള് എന്നിങ്ങനെ നിരവധി ആളുകള് നവ കേരള സദസ്സിന്റെ ഭാഗമാകും.