
കാസര്കോട്: നവകേരള സദസ്സിന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസില് സഞ്ചരിക്കാന് തീരുമാനിച്ചതോടെ കോളടിച്ചത് ബസ് നിര്മ്മാതാക്കളായ ഭാരത് ബെന്സാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് നിര്മ്മിക്കുന്നത് ഭാരത് ബെന്സാണ്. ബസിന്റെ സവിശേഷതകളും മറ്റും വാര്ത്തകളില് നിറഞ്ഞതോടെ പണച്ചെലവില്ലാതെ എല്ലാ മാധ്യമങ്ങളുടെയും ഒന്നാം പേജിലും ബുള്ളറ്റിനുകളിലും നിറഞ്ഞുനില്ക്കാന് ഭാരത് ബെന്സിനായി.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സഞ്ചരിക്കുന്നത് കെഎല് 15 എ 2689 ബെന്സ് ബസിലാണ്. മൂന്ന് മാസം മുന്പ് തന്നെ ഈ ബസ്സിനായി ഓര്ഡര് നല്കിയിരുന്നു. ഭാരത് ബെന്സിന്റെ 1624 ഷാസിയിലാണ് ബസിന്റെ നിര്മാണം. 12 മീറ്റര് നീളമുള്ള ബെന്സ് ഷാസി ബസുകളും കാരവാനുകളും നിര്മിക്കാന് ഉപയോഗിക്കാറുണ്ട്. ഏകദേശം 44 ലക്ഷം രൂപയാണ് ഈ ഷാസിയുടെ വില. ബെന്സിന്റെ ഒഎം926 എന്ജിനാണ് വാഹനത്തില് ഉപയോഗിക്കുന്നത്. 7200 സിസി കപ്പാസിറ്റിയുള്ള ആറു സിലിണ്ടര് എന്ജിന് 240 എച്ച്പി പവറും 850 എന്എം ടോര്ക്കുമുണ്ട്. ആറ് സ്പീഡാണ് ഗിയര്ബോക്സ്. ഫുള്ളി എയര്സസ്പെന്ഷനാണ് ബസിന്.
ഫീച്ചറുകളെക്കുറിച്ച് പറയാനാണെങ്കില് മന്ത്രിമാര്ക്ക് ബസ്സിന്റെ അകത്ത് കയറാന് പോലും കഷ്ടപ്പെടേണ്ട. വാതിലില് ചെന്ന് നിന്നാല് മതി. അത്യാധുനിക ഓട്ടോമാറ്റിക് ലിഫ്റ്റ് ആളെ ബസിനുള്ളിലെത്തിക്കും.
ബസില് ആകെ 25 സീറ്റുകളാണുള്ളത്. അതില് ഏറ്റവും മുന്നില് മുഖ്യമന്ത്രിയുടെ കസേരയാണ്. അതാവട്ടെ ചൈനയില് നിന്നെത്തിയ 180 ഡിഗ്രി കറങ്ങുന്ന കസേരയും. നിര്ത്തിയിടുമ്പോള് പുറമേനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് എ സി പ്രവര്ത്തിപ്പിക്കാം. ബയോ ടോയ്ലറ്റ്, റഫ്രിജറേറ്റര്, മൈക്രോവേവ് ഓവന്, ഡൈനിങ് ഏരിയ, വാഷ് ബേസിന് എന്നിങ്ങനെ പോകുന്നു ബസ്സിനുള്ളിലെ സൗകര്യങ്ങള്. ഇതിനൊക്കെയായി 1.05 കോടി രൂപ ചെലവായി. രജിസ്ട്രേഷന് വ്യവസ്ഥകളില് ഇളവുകളും ലഭിച്ചു.