
കൊച്ചി: വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തെ തുടർന്ന് സംസ്ഥാന യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ മുനിസിഫ് കോടതിയിൽ ഹർജി. യൂത്ത് കോൺഗ്രസ് അംഗമായ മൂവാറ്റുപുഴ സ്വദേശി നഹാസ് മുഹമ്മദ് ആണ് ഹർജി നൽകിയത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
അഭിഭാഷകരായ ജിജോ ജോസഫ് ,എൽദോസ് വർഗീസ് എന്നിവർ മുഖേനയാണ് ഹർജി നൽകിയത്. യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ഉൾപ്പടെയുള്ള എതിർകക്ഷികളോട് കോടതി വിശദീകരണം തേടി. തിരഞ്ഞെടുപ്പ് നടപടികൾ പ്രഥമദൃഷ്ട്യാ അസാധുവാണെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് പഴയ കമ്മിറ്റി ചാർജ് കൈമാറരുതെന്നും കോടതി നിർദേശിച്ചു.
തെളിവുണ്ടെങ്കിൽ കൈമാറട്ടെ എന്നാണ് വിവാദത്തിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. ആരോപണം ഉന്നയിച്ച കെ സുരേന്ദ്രന്‍റെ കയ്യില്‍ തെളിവുണ്ടെങ്കിൽ കൈമാറട്ടെ. സുരേന്ദ്രന്‍ ഒക്കെ സാധാരണ കൈരേഖ കാണിച്ചാണ് ആരോപണം ഉന്നയിക്കുന്നത്. അതിനപ്പുറം തെളിവുകൾ ഉണ്ടെങ്കില്‍ ഏറ്റവും സ്വാധീനമുള്ള അന്വേഷണ ഏജന്‍സികള്‍ കേന്ദ്രത്തിലുണ്ട്. രേഖകള്‍ ഇല്ലാതെ പോലും അദ്ദേഹം ഉന്നയിക്കുന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന ഏജൻസികൾ ഉള്ളപ്പോൾ കയ്യിൽ രേഖകൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് കൈമാറണം. വിഷയത്തിൽ അന്വേഷണം വരുമ്പോൾ പ്രതിരോധം തീർക്കാൻ ഞങ്ങൾ നിൽക്കില്ല. അത് ഒരു കാലഘട്ടത്തിലും കോൺഗ്രസിൻ്റെ സംസ്കാരം അല്ലല്ലോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
കുഴൽപ്പണക്കടത്ത് കേസ് പ്രതി രാജ്യസ്നേഹം പഠിപ്പിക്കേണ്ട എന്നായിരുന്നു വിവാദത്തോടുളള ഷാഫി പറമ്പിൽ എംഎൽഎയുടെ പ്രതികരണം. ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിക്കുന്നത് ശീലമാക്കിയ ആളാണ് കെ സുരേന്ദ്രൻ. സീറോ ക്രെഡിബിലിറ്റിയുള്ളയാളാണ് സുരേന്ദ്രൻ. വാർത്തയിൽ ഇടം പിടിക്കാനുള്ള ഇത്തരം അൽപ്പത്തരങ്ങൾ ഇനിയെങ്കിലും സുരേന്ദ്രൻ അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. പാലക്കാട് എംഎൽഎ അറിഞ്ഞുകൊണ്ടാണ് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയിൽ കാർഡ് നിർമ്മിച്ചതെന്ന് സുരേന്ദ്രൻ ആരോപിച്ചിരുന്നു.
വ്യാജ തിരിച്ചറിയൽ കാർഡുകളുണ്ടാക്കിയത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും പിന്നിൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടെന്നുമാണ് സുരേന്ദ്രന്റെ ആരോപണം. ബാംഗ്ലൂരിൽ പി ആർ ഏജൻസിയുടെ സഹായത്തോടെയാണ് കാർഡ് നിർമിച്ചത്. കെ സി വേണുഗോപാലും വി ഡി സതീശനും ഈ വിഷയങ്ങൾ അറിഞ്ഞിരുന്നുവെന്നും ഇത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കി എന്ന വാർത്ത പുറത്ത് കൊണ്ടുവന്നത് റിപ്പോർട്ടർ ടിവിയാണ്. ആപ് ഉപയോഗിച്ചുള്ള വ്യാജ ഐഡി കാർഡ് നിർമ്മാണം സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ അന്വേഷിക്കണമെന്ന് ഡിജിപിക്ക് നിർദേശം നൽകിയെന്നും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ഐഎസ് റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.