
കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. ഗുരുതരാവസ്ഥയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീൺ ആണ് മരിച്ചത്. പ്രവീണിന്റെ അമ്മ സാലിയും സഹോദരി പന്ത്രണ്ടുവയസുകാരിയായ ലിബിനയും നേരത്തെ മരിച്ചിരുന്നു.
സ്ഫോടനം നടന്നശേഷം അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രവീൺ. അമ്മയും സഹോദരിയും മരണത്തിന് കീഴടങ്ങിയതറിയാതെയാണ് പ്രവീൺ ജീവിതത്തിൽ നിന്നും മടങ്ങിയത്.
പ്രവീണിന്റെ സഹോദരൻ രാഹുലിനും സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നു. സാലിയും മക്കളായ ലിബ്ന, പ്രവീൺ, രാഹുൽ എന്നിവർ ഒന്നിച്ചാണ് കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്. സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രവീണിന്റെ ശരീരത്തിലേക്ക് തീ പടർന്നത്. സ്വകാര്യ കപ്പലിൽ ജീവനക്കാരനായിരുന്നു പ്രവീൺ.
ഒക്ടോബർ 29-ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു.