
ദുബായ്: തൃശ്ശൂരിലെ ജനങ്ങളുടെ പള്‍സ് തനിക്ക് പിടികിട്ടിയിട്ടുണ്ടെന്ന് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
'തൃശ്ശൂര്‍ തന്നാല്‍ എടുക്കും. അതില്‍ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. തൃശ്ശൂര്‍ തരട്ടെ, എടുത്തിരിക്കും. എടുത്താല്‍ ഞങ്ങള്‍ വ്യത്യസ്ത കാണിക്കുകയും ചെയ്യും. അങ്ങനെ അതുപോരാ എന്നു പറയരുത്. എങ്കില്‍ എടുത്തവര്‍ എന്താണ് ചെയ്തത് എന്നുകൂടി പറയേണ്ടി വരും. തന്നില്ലെങ്കില്‍ പിടിച്ചു പറിക്കാന്‍ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേയല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ.' സുരേഷ് ഗോപി പറഞ്ഞു.
'2014-ല്‍ രാഷ്ട്രീയത്തില്‍ ചേരുമ്പോള്‍ അതിന്റെ പ്രഭാവം കണ്ടിട്ട് തന്നെയാണ് മുന്നോട്ട് പോയത്. എല്ലാ കാലത്തും ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളത്. പലപ്പോഴും തെറ്റായ നിലപാട് ആണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ബിനീഷ് കോടിയേരി, ദിലീപ്, സ്വപ്നാ സുരേഷ് എന്നിവരുടെ കാര്യത്തിലെല്ലാം കോടതി തീരുമാനിക്കട്ടെയെന്നാണ് ഞാന്‍ പറഞ്ഞത്. അതാണ് നീതി', സുരേഷ് ഗോപി പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചില്ലെങ്കിലും തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി തന്നെയാണ് മത്സരിക്കുകയെന്ന് ഉറപ്പായി. അതിനിടെയാണ് പ്രതികരണം.