
തൃശൂർ: കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതി സതീഷ്കുമാറുമായി വർഷങ്ങളായുള്ള പരിചയമെന്നും വായ്പ ഇടപാടുകളിൽ സഹായിച്ചിട്ടില്ലെന്നും കരുവന്നൂർ ബാങ്ക് വൈസ് പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവുമായ എം കെ കണ്ണൻ. സുരേഷ് ഗോപിക്ക് സീറ്റുറപ്പിക്കാൻ ഇഡിയെ ഉപയോഗിച്ച് ബിജെപി നടത്തുന്ന വേട്ടയാണ് ഇപ്പോൾ നടക്കുന്നതെന്നും എം കെ കണ്ണൻ ആരോപിച്ചു. അനിൽ അക്കരയുടേത് വെറും ആരോപണമാണെന്നും ഇഡിയെക്കാൾ വലിയ ആളാണോ അനിൽ അക്കരയെന്നും അദ്ദേഹം ചോദിച്ചു.
മാധ്യമങ്ങൾ കൊടുത്ത വാർത്ത പച്ചക്കള്ളമാണ്. കൊടുങ്ങല്ലൂർ വായ്പ കേസ് എന്നൊന്നില്ല. അങ്ങനെ ഒന്നും നടന്നിട്ടില്ല. എ സി മൊയ്തീൻ ജയിലിൽ പോകുമെന്ന് പറയുന്നത് അനിൽ അക്കരയാണ്. ബിജെപി നടത്തിയ ജാഥ രാഷ്ട്രീയ പ്രേരിതമാണ്. ബിജെപി-ഇഡി-കോൺഗ്രസ് കൂട്ടുകെട്ടാണ് തുറന്നു കാട്ടപ്പെടുന്നതെന്നും എംകെ കണ്ണൻ പറഞ്ഞു. ഇഡി റെയ്ഡ് അല്ല പരിശോധനയാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശ്ശൂരിലും എറണാകുളത്തുമായി കഴിഞ്ഞ ദിവസങ്ങളില് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാവും കരിവന്നൂര് ബാങ്ക് തട്ടിപ്പിലെ ഇഡിയുടെ തുടര്നടപടികള്. എസി മെയ്തീന്റെ ബിനാമിയെന്ന് പറയപ്പെടുന്ന പി സന്തോഷ് കുമാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും സന്തോഷ് കുമാറിന് അനധികൃതമായി ലോണ് അനുവദിച്ചുവെന്ന് പറയപ്പെടുന്ന അയ്യന്തോള്, തൃശ്ശൂര് സഹകരണ ബാങ്കുകളിലും ഇഡി ഇന്നലെ പരിശോധന നടത്തിയിരുന്നു.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്കിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീന് ഇന്ന് ഇഡിക്ക് മുന്നില് ഹാജരാകില്ല. പുലര്ച്ചെ തിരുവനന്തപുരത്തെത്തിയ മൊയ്തീന് ഇന്ന് നിയമസഭാംഗങ്ങള്ക്കുള്ള ഓറിയന്റേഷന് പരിപാടിയില് പങ്കെടുക്കും. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന് ആവശ്യപ്പെട്ട് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മൊയ്തീന് നോട്ടീസ് നല്കിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില് ഹാജരാകാനായിരുന്നു നിര്ദ്ദേശം. അറസ്റ്റിന് സാധ്യതയുള്ളതിനാല് എസി മെയ്തീന് മുന്കൂര് ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. മുന്കൂര് ജാമ്യത്തിന് ശ്രമിക്കാനാണ് എസി മൊയ്തീന് ലഭിച്ചിരിക്കുന്ന നിയമോപദേശം.