ഷർട്ടിലെ കറ മായ്ക്കുന്നത് പോലെ ജാതിവ്യവസ്ഥ മാറ്റാനാകില്ല, നിയമ നടപടിക്കില്ല: മന്ത്രി കെ രാധാകൃഷ്ണൻ

ജാതിയുടെ പേരിൽ താൻ മാറ്റിനിർത്തപ്പെട്ടുവെന്ന് മന്ത്രി വെളിപ്പെടുത്തിയിരുന്നു
ഷർട്ടിലെ കറ മായ്ക്കുന്നത് പോലെ ജാതിവ്യവസ്ഥ മാറ്റാനാകില്ല, നിയമ നടപടിക്കില്ല: മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: മനസിൽ പിടിച്ച കറയാണ് ജാതി വ്യവസ്ഥയെന്നും അത് പെട്ടന്ന് മാറില്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ. കേരളത്തിന്റെ പൊതു സമൂഹം ഇത്തരം ചിന്തകൾക്ക് എതിരാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു ക്ഷേത്രത്തിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് മന്ത്രി ജാതി വിവേചനം നേരിട്ട‌ത്. ജാതിയുടെ പേരിൽ താൻ മാറ്റിനിർത്തപ്പെട്ടുവെന്ന് മന്ത്രി വെളിപ്പെടുത്തിയിരുന്നു.

പൂജാരിമാർ വിളക്ക് കത്തിച്ച ശേഷം മന്ത്രിയായ തനിക്ക് വിളക്ക് നൽകാതെ നിലത്ത് വെച്ചു. ജാതീയമായ വേർതിരിവിനെതിനെതിരെ അതേ വേദിയിൽ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആളുടെ പേരറിയാത്തതിനാലാണ് വെളിപ്പെടുത്താതെന്ന് മന്ത്രി ഇന്ന് വ്യക്തമാക്കി. ഷർട്ടിലെ കറ മായ്ക്കുന്നത് പോലെ ജാതിവ്യവസ്ഥ മാറ്റാൻ പറ്റില്ല. ജാതി ചിന്ത എല്ലാവരുടെയും മനസിലുണ്ട്.

മനസ്സിൽ തട്ടിയത് കൊണ്ടാണ് അത് ശരിയല്ല എന്ന് പറഞ്ഞത്. അവർ തിരുത്താൻ ശ്രമിച്ചാൽ നല്ലത്. മനുഷ്യന് അയിത്തം കൽപ്പിക്കുന്നത് അനുവദിക്കില്ല. മനസിന്‌ മാറ്റം വരണം. ഇത് ആരുടെയും തെറ്റല്ല. തലമുറകളാൽ പകർന്നു കിട്ടിയ ഒന്ന് ഇവരെ വേട്ടയാടുകയാണ്. നിയമ നടപടിക്ക് പോകുന്നില്ലെന്നും ഇത് ഒറ്റപ്പെട്ട പ്രശ്നമല്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. ഏത് ക്ഷേത്രമാണെന്ന് മന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവാദികളായവർക്കെതിരെ നടപടി ഉണ്ടാകണമെന്നും മന്ത്രി ഇക്കാര്യം രഹസ്യമായി വെക്കാൻ പാടില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com