
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ 72 കാരിയുടെ പരിശോധനാഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് ആണ് പരിശോധന നടത്തിയത്. നേരത്തേ മെഡിക്കല് കോളേജിലെ വിദ്യാര്ത്ഥിയുടെ ഫലവും നെഗറ്റീവ് ആയിരുന്നു. രണ്ട് പേരുടെയും ഫലം നെഗറ്റീവ് ആയതോടെ തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിയുകയാണ്.
നിപ ലക്ഷണങ്ങളോടെ രണ്ടുപേരെയാണ് തിരുവനന്തപുരത്ത് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നത്. കാട്ടാക്കട സ്വദേശിയായ 72കാരിയും കോഴിക്കോട് സ്വദേശിയായ മെഡിക്കല് വിദ്യാര്ത്ഥിയും.
72കാരിയുടെ ബന്ധുക്കള് കോഴിക്കോട് വഴി യാത്ര ചെയ്തിരുന്നു. മുംബൈയില് നിന്ന് കോഴിക്കോട് വഴിയാണ് മകളും പേരക്കുട്ടിയും തിരുവനന്തപുരത്തേക്ക് എത്തിയത്. മൂന്നു പേര്ക്കും പനിയും ജലദോഷവും പിടിപെട്ടിരുന്നു.
അതേസമയം 42 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയതോടെ സംസ്ഥാനത്ത് നിപയിൽ ആശങ്ക കുറയുകയാണ്. ഇതിൽ ഹൈറിസ്ക് കാറ്റഗറിയിലുൾപ്പെട്ട, രോഗ ലക്ഷണങ്ങളോടു കൂടിയ 23 സാമ്പിളുകളും ഉണ്ടായിരുന്നുവെന്നും അവ നെഗറ്റീവ് ആണെന്നത് ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
ഇനി കുറച്ചു പേരുടെ ഫലം കൂടി വരാനുണ്ട്. 19 ടീമുകളുടെ പ്രവർത്തനം ഫീൽഡിൽ നടക്കുന്നുണ്ട്. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നില മെച്ചപ്പെടുന്നുണ്ട്. പൊലീസിൻ്റെ സഹായത്തോടെ രോഗികളുമായി സമ്പർക്കത്തിൽ വന്നവരുടെ കോൺടാക്ട് ട്രെയ്സ് ചെയ്യും.
മൊബൈൽ ടവർ ലെക്കേഷൻ നോക്കും. ചികിത്സയിലുള്ള കുഞ്ഞിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജാനകികാട്ടിൽ പന്നി ചത്ത സംഭവത്തിൽ പരിശോധന നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചികിത്സയിലുള്ള ഒൻപത് വയസുകാരൻ വെന്റിലേറ്ററിൽ തുടരുകയാണെങ്കിലും ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. മറ്റുള്ള 3 പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. നിപ സമ്പർക്ക പട്ടികയിൽ നിലവിൽ 1,177 പേരാണ് ഉള്ളത്. 97 പേരെയാണ് സമ്പർക്ക പട്ടികയിൽ ഇന്നലെ ഉൾപ്പെടുത്തിയത്. നിപ പ്രതിരോധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ വനം വകുപ്പിന്റെ പ്രത്യേക സമിതി രൂപീകരിച്ചതായി മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം നാളെ ജില്ലയിലെത്തും.