ഗർഭിണിയായി ഏഴാം മാസം ബന്ധുക്കളെ വിളിച്ച് ആഘോഷമായി കല്യാണം; ഗർഭിണിക്കല്യാണ വിശേഷങ്ങള്

എരുമകളെ ദൈവമായി ആരാധിക്കുന്ന തോടരുടെ ഉപജീവന മാർഗം കാലിവളർത്തലാണ്

dot image

'ഗർഭിണിയായ ശേഷമൊരു കല്യാണം', ആശ്ചര്യത്തിനും വർത്തയ്ക്കും വകയുണ്ടെങ്കിലും നീലഗിരിയിലെ തനത് ആദിവാസി സമൂഹമായ ഗ്ലെൻ മോർഗനിലെ തോടർ വിഭാഗത്തിന് ഇതൊരു ആചാരമാണ്. താരനാട്മുന്തിൽ നടന്ന പേർഷ്യസിന്റെയും പ്രിസോൾ കുട്ടന്റെയും ഗർഭിണിക്കല്യാണ വിശേഷത്തിലേക്ക്....

മന്ത് എന്ന് വിളിക്കുന്ന മനോഹരമായ തോടഗ്രാമങ്ങൾ. മുള കൊണ്ട് ഫ്രെയിം ഉണ്ടാക്കി കുറുകെ ചൂരൽ കെട്ടി പുല്ല് മേഞ്ഞാണ് മന്തുകൾ നിർമ്മിക്കുന്നത്. ഇവരുടെ അമ്പലത്തിന് പുറത്ത് വലിയ ഉരുളൻ കല്ലുകളുണ്ട്. നൂറ് കിലോയിലേറെ ഭാരമുള്ള ഈ കല്ലുകൾ ഉയർത്തിയാലേ ഇവരുടെ വിശ്വാസപ്രകാരം പുരുഷന്മാർ കല്യാണത്തിന് യോഗ്യത നേടൂ. എരുമകളെ ദൈവമായി ആരാധിക്കുന്ന തോടരുടെ ഉപജീവന മാർഗം കാലിവളർത്തലാണ്. താരനാട്മുന്തിലാണ് പേർഷ്യസിന്റെയും പ്രിസോൾ കുട്ടന്റെയും ഗർഭിണി കല്യാണം. പെണ്ണ് ചെറുക്കന്റെ വീട്ടിലെത്തി വിളക്ക് കത്തിക്കുന്നതാണ് പ്രധാന ചടങ്ങ്. അതിനു ശേഷം അവർ ഒന്നിച്ചു ജീവിച്ചു തുടങ്ങും. ഗർഭിണിയായ ശേഷം ഏഴാം മാസത്തിലാണ് ബന്ധുക്കളെ വിളിച്ച് കല്യാണം ആഘോഷമായി നടത്തുന്നത്.

തോടരുടെ പാരമ്പര്യ വേഷമായ പുത്തുക്കുടി എന്ന ഷാൾ ധരിച്ചാണ് എല്ലാവരും വിവാഹത്തിനെത്തിയത്. ചിത്രപ്പണികളോട് കൂടിയ ഇവരുടെ വസ്ത്രങ്ങൾ കൈ കൊണ്ട് നെയ്തെടുക്കുന്നത് തോട സ്ത്രീകൾ തന്നെയാണ്. തോട സ്ത്രീകൾ മുടി കെട്ടുന്നതിലുമുണ്ട് പ്രത്യേകതകൾ. കല്യാണ പെണ്ണും ചെറുക്കനും ഒരുമിച്ച് എല്ലാ മുതിർന്ന ആളുകളെയും നമസ്കരിക്കും. മുതിർന്നവർ പ്രത്യേക രീതിയിൽ കൽപാദം നെറുകയിൽ തൊട്ട് ഇരുവരെയും അനുഗ്രഹിക്കും.

ബന്ധുക്കളും കല്യാണ ചെറുക്കനും കാട്ടിലേക്ക് പോകും. അപ്പോൾ മറ്റു പുരുഷൻമാർ നൃത്തവും പാട്ടും തുടങ്ങും. കാട്ടിൽ നിന്ന് അമ്പും വില്ലുമുണ്ടാക്കി കല്യാണ പെണ്ണിന് സമ്മാനിക്കുന്നതോടെ സ്ത്രീകളും നൃത്തം ആരംഭിക്കും. ചെറുക്കന്റെ വീട്ടുകാർ പെണ്ണിനെ ഈ ഗ്രാമത്തിലേക്ക് തന്നതിന് നന്ദി പറയുകയും പെൺവീട്ടുകാർ നന്ദി ഏറ്റുവാങ്ങുന്നതും തോട ഭാഷയിൽ പ്രത്യേക ഈണത്തിൽ പാടിയാണ് ഇവർ ചുവട് വയ്ക്കുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം വീണ്ടും ആട്ടവും പാട്ടുമായി തോടരുടെ ആഘോഷം മണിക്കൂറുകളോളം നീളും.

dot image
To advertise here,contact us
dot image